ഈ ചൂലുകൊണ്ട് മന്ത്രിമാരുടെ മോന്തക്ക് അടിക്കും- ചെങ്ങറ സമരക്കാർ

ഇടതും വലതും മാറിമാറിഭരിക്കുന്ന കേരളത്തിലെ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട അവസ്ഥയിലാണ്. പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് കിടപ്പാടം പോലുമില്ല, വോട്ടുവാങ്ങി ജയിച്ചുപോകുന്ന ഭരണകർത്താക്കൾ ഇലക്ഷനുശേഷം ജനങ്ങളുടെ കാര്യം നോക്കാറില്ല. കയ്യിലിരിക്കുന്ന ചൂല് മുറ്റം തൂക്കാൻവേണ്ടി മാത്രം ഉപയോ​ഗിക്കുന്നതല്ല, നിയമപാലകരുടെയും മന്ത്രിമാരുടെയും മോന്തക്കിട്ടടിക്കുമെന്ന് ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പട്ടികജാതിക്കാർ പറഞ്ഞു.

പാവങ്ങളുടെ സർക്കാരാണെന്ന് പറയുന്നുണ്ടെങ്കിലും അവർ പാവപ്പെട്ടവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാർ ആരോപിക്കുന്നു ഹെലികോപ്റ്റർ വാടകക്കെടുക്കാനും സിൽവർ ലൈനുണ്ടാക്കാനും കെ റയിലുണ്ടാക്കാനുമൊക്കെ സർക്കാരിന്റെ കയ്യിൽ പണമുണ്ട്, എന്നാൽ പാവപ്പെട്ട ജനങ്ങൾക്കുമാത്രം നൽകാനൊന്നുമില്ല, കൊറോണ സമയത്ത് ഞങ്ങളെപോലുള്ള പാവങ്ങൾക്ക് കിറ്റു പോലും നൽകിയിട്ടില്ല. പട്ടിണികിടന്നു ചത്താലും സമരം ഞങ്ങൾ നിർത്തില്ലെന്നും കർമ ന്യൂസിനോട് സമരക്കാർ പറഞ്ഞു.

ചെങ്ങറ സമരം നടത്താൻ തുടങ്ങിയിട്ട് 15 വർഷമായി, 10 വർഷത്തോളമായി പട്ടയം അനുവദിച്ചിട്ട് എന്നിട്ടും സർക്കാരിതുവരെ ഞങ്ങൾക്ക് ഭൂമി നൽകിയിട്ടില്ല. അച്യുതാനന്ദൻ സർക്കാരാണ് പട്ടയം അനുവദിച്ചത്. ചെങ്ങറയിൽ ഭൂമി നൽകിയില്ലെങ്കിൽ അതാത് ജീല്ലകളില്ലെങ്കിലും ഭൂമി തരണം, കിടക്കാനൊരുനുള്ളു ഭൂമിയില്ലാത്തവരാണ് ഞങ്ങൾ, ഭൂമി തന്നില്ലെങ്കിൽ ഇനി ഞങ്ങളുടെ വോട്ട് ഇനി ആർക്കുമില്ല, കേരളത്തിലെ മുഴുവൻ ദളിത് സമൂഹവും ഞങ്ങൾക്ക് മുന്നിലുണ്ടെന്നും സമരക്കാർ പറയുന്നു