വിജയ് ബാബു അറസ്റ്റിലായി, തെളിവെടുപ്പ് തുടങ്ങി.

 

കൊച്ചി/ യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിലായി. അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 22 ന് നടി നൽകിയ പരാതിയിൽ രണ്ടു മാസവും 5 ദിവസങ്ങൾക്കും ശേഷമാണ് പോലീസ് വിജയ് ബാബുവിന്റെ അറസ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശത്തേക്ക് മുങ്ങിയെന്നു പോലീസ് തന്നെ പറയുന്ന വിജയ് ബാബു എയർ പോർട്ടിൽ ഇറങ്ങുമ്പോൾ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് എടുത്തിരുന്നില്ല.

അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വിജയ് ബാബുവിനെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് ആദ്യ തെളിവെടുപ്പ് നടക്കുക. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായിരുന്നത്. തിങ്കളാഴ്ച മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നത്.

അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും ആണ് കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 22നാണ് സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുന്നത്.

പരാതി വിവരം അറിഞ്ഞതിനു പിന്നാലെ വിജയ് ബാബു രാജ്യം വിട്ടതായാണ് പോലീസ് ഭാഷ്യം. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട് റദ്ദാക്കുകയും ചെയ്തിരുന്നതാണ്. പാസ്പോർട്ട് റദ്ദാക്കപ്പെട്ട ഒരു വ്യക്തി രാജ്യത്തെ ഒരു എയർ പോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി ദിവസങ്ങളോളം കേരളത്തിൽ തെഗിയതും പോലീസ് അറിഞ്ഞില്ലെന്നതാണ് രസകരം.