വീഡിയോ നീക്കിയില്ല, വിജയ് പി നായർ വാക്ക് മാറ്റി,പോലീസും കൈമലർത്തുന്നു

കേരളത്തിലെ സ്ത്രികൾക്ക് അപമാനമായ വീഡിയോകൾ ഇറക്കിയ വിജയ് പി. നായർക്ക് ഒപ്പമോ ഈ നാട്ടിലെ നിയമവും സംവിധാനങ്ങളും.സുഗത കുമാരിയേയും, ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും അപമാനിച്ച് വീഡിയോകൾ ഇനിയും യു.ടുബിൽ നിന്നും നീക്കം ചെയ്തിട്ടില്ല.ഭാഗ്യലക്ഷ്മിക്കെതിരായ വീഡിയോ,ഇപ്പോഴും ലൈവ്, ലക്ഷങ്ങൾ കാണുന്നു,വില്ലനായി വിജയ് നായർ തുടരുന്നു,വിവാദ വീഡിയോ കോപ്പി ചെയ്ത് അടിച്ച് മാറ്റി യു.ടുബിൽ ഓടിച്ചും അനവധിപേർ.ഏറെ വിവാദമുണ്ടായ വിജയ് പി.നായരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കേസിൽ ഭാഗ്യലക്ഷ്മി ഉൾപെടെ ഉള്ളവർ ഉടൻ അറസ്റ്റിലും ആയേക്കും.

വിജയ് പി നായർക്കെതിരെ വ്യക്തമായ കുറ്റം ചുമത്താൻ പോലീസ് വകുപ്പുകൾ ഇപ്പോഴും പരതുകയാണ്‌. സൈബർ നിയമത്തിന്റെ പോരായ്മകൾ തന്നെയാണ്‌ കാരണം.കേരളത്തിൽ ഇത്രയധികം വിവാദങ്ങൾ ഉണ്ടാക്കിയിട്ടും ,സൈബർ പീഡനമാണെന്നു ബോധ്യം വന്നിട്ടും ചെറുവിരൽ പോലും അനക്കാതെ പോലീസ്.
സ്ത്രീകളെ അപമാനിച്ച വിജയ് പി.നായര്‍ക്കെതിരെ കേസെടുത്തിട്ടും അശ്ലീല വിഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാെത പൊലീസ് ഉരുണ്ടു കളിക്കുന്നു . സൈബര്‍ പരിശോധനകള്‍ തുടരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

കരി ഓയില്‍ പ്രയോഗത്തിനും മര്‍ദനത്തിനും വഴിവച്ച വിജയ് പി.നായരുടെ വിഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് മാത്രമല്ല, ആ വീഡിയോക്കെതിരെയും കാര്യമായ നടപടി പൊലീസ് സ്വീകരിക്കുന്നില്ല.

വിഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വിഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വിഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പൊലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്.

ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും.അതോടൊപ്പം,വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും എതിരെയും അപമാനിച്ചെന്ന പരാതിയില്‍ വിജയ്ക്കെതിരെയും ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് പോകേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

പോലീസിന്റെ ഈ മെല്ലെപ്പോക്ക് നയം ആരെ സംരക്ഷിക്കാനാണ്,എന്തിനെ സംരക്ഷിക്കാനാണ്.സ്ത്രീസുരക്ഷയെയും ശാക്തീകരണത്തെപ്പറ്റിയും ലോകമെങ്ങും ചർച്ചകൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് നയം കേരളത്തെ നാണം കെടുത്തുമെന്നതിൽ സംശയമില്ല.സ്ത്രീ സുരക്ഷാ മതിലും,ശബരിമല കയറ്റവുമൊക്കെ സ്ത്രീ മുന്നേറ്റത്തിന്റെ പേരും പറഞ്ഞു ചുളുവിൽ സാധിക്കുന്ന സർക്കാർ യഥാർത്ഥ ത്തിൽ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനവും അന്തസ്സും ഏതായാലും ഇങ്ങനെയൊക്കെ മനസ്സിലാക്കി തരുന്നതിൽ സന്തോഷം

ആരോഗ്യമന്ത്രിയും,പരിവാരങ്ങളും സൈബർ ആക്രമണത്തിന് ഇരയായ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു .എന്നാൽ ഏതു കരണത്താലാണോ അവർ മാനസിക പീഡനത്തിന് ഇരയായത് ആ കാരണങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.അപ്പോൾ ആരെ വിഡ്ഢിയാക്കാനാണ് ഈ പിന്തുണ പ്രഖ്യാപനവും മറ്റും നടത്തുന്നത് .

അല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ എന്നൊരു ബൈബിൾ വചനമുണ്ട്.ഈ ചെറിയൊരു കാര്യം പോലും അടിയന്തരമായി കൈകാര്യം ചെയ്തു പരിഹരിക്കുവാൻ സാധിക്കാത്ത പിണറായി പോലീസ് എങ്ങനെയാണു ഗുരുതരമായ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുക.ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്

https://youtu.be/ukMbtuswpZE