കുശ്ബുവിനെ പിടിക്കാൻ വിജയ്, ആരു മുഖ്യമന്ത്രിയാകും

നടൻ വിജയിയും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നു. വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് പിതാവും സംവിധാകനുമായ എസ്എ ചന്ദ്രശേഖര്‍. ചന്ദ്രശേഖര്‍ ബിജെപിയിലേക്ക് പോവുകയാണെന്ന പ്രചരണം ഉണ്ടായിരുന്നു. ഈ പ്രചരണത്തോട് പ്രതികരിക്കവെയായിരുന്നു ഒരു ദേശീയ മാധ്യമത്തോട് ചന്ദ്രശേഖര്‍ മകന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും സൂചനകള്‍ നല്‍കിയത്. തമിഴ്‌നാട്ടില്‍നിന്നും നടിയും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ചന്ദ്രശഖറും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

‘വിജയ് ഒരു കാറണവശാലും ബിജെപിയില്‍ ചേരില്ല. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേരുകയല്ല, സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചാവും വിജയ് യുടെ രാഷ്ട്രീയ പ്രവേശനമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

2018ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായിരുന്നു സര്‍ക്കാര്‍. സർക്കാർ എന്ന ചിത്രത്തിന് ശേഷം താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നതിന്റെ നേരിയ സൂചനകളും നല്‍കിയിരുന്നു. ‘ഞാന്‍ ഈ ചിത്രത്തില്‍ മുഖ്യമന്ത്രിയല്ല. ഞാന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിന്നെ ഞാന്‍ അഭിനയിക്കില്ലെന്നാണ് വിജയ് പറഞ്ഞത്. അഴിമതി അവസാനിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെ മുന്‍ നിര്‍ത്തിയാവും പിന്നീടത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍’, എന്നാണ് വിജയ് അക്കാലത്ത് പറഞ്ഞിരുന്നത്.

വിജയ് യുടെ സിനിമയായ മെര്‍സലില്‍ ജിഎസ്ടി നികുതിയെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതുമുതല്‍ ബിജെപി വിജയ്‌ക്കെതിരെ നിരന്തര സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഇതിന് പിന്നാലെ ബിഗില്‍ സിനിമയുടെ ചിത്രീകറണത്തിനിടെ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതൊക്കെ ബിജെപിയോട് ഇടയാൻ സാഹചര്യമൊരുക്കിയിരുന്നു.