നല്ല ​ഗാനവും ഈണവുമായി സമീപിച്ചാൽ മാത്രം മലയാളത്തിൽ പാടില്ലെന്ന തീരുമാനം മാറ്റുന്നത് ചിന്തിക്കും- വിജയ് യേശുദാസ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും വിജയ് പാടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മലയാളത്തിൽ പാടില്ലെന്ന ​​ഗായകൻ നടത്തിയ പ്രസ്താവനകൾ വൻ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല.ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.മലയാളത്തിൽ സെലക്ടീവ് ആകാൻ പോലും താത്പര്യം ഇല്ല.20വർഷമായി പാടുന്നു.താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് കിട്ടുന്നത്.ആരെയും കുറ്റപ്പെടുത്തുകയല്ല.ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്.അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ കഠിന തീരുമാനം.ഇതായിരുന്നു വിജയ് യേശുദാസിന്റെ വാക്കുകൾ

എന്നാലിപ്പോളിതാ നിലപാട് മാറ്റിയിരിക്കുകയാണ് വിജയ് യേശുദാസ്.പുതിയ പാട്ടുകൾ ഇനി മലയാളത്തിൽ ഉണ്ടാകില്ലെന്നാണോ എന്ന ചോദ്യം വീണ്ടും ആവർത്തിക്കുമ്പോൾ മറ്റൊന്നാണ് മറുപടി.അത്ര മോഹിപ്പിക്കുന്ന​ ​ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാൽ മാത്രമേ തീരുമാനം മാറ്റുന്നതിനെക്കുറിച്ച്‌ താൻ ചിന്തിക്കുക പോലും ഉളളൂ.കൂടാതെ മറ്റ് ചില പദ്ധതികൾ മനസിലുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു.ഇൻഡിപെൻഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതകളുണ്ട്. പ്രളയവും കൊറോണയുമൊക്കെ വന്നപ്പോൾ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയവരിൽ വലിയൊരു വിഭാ​ഗം സം​ഗീത‍ജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആ​ഗ്രഹം ശക്തമായത്.സ്വന്തം മ്യൂസിക് കമ്പനി ആ​ഗ്രഹങ്ങളിലൊന്നാണ്.The V Company By VJY എന്ന യു ട്യൂബ് ചാനലും സജീവമാക്കും.ആൽബങ്ങളും മറ്റും തുടർന്നും ചെയ്യും.പുതിയ ടാലന്റുകൾക്ക് വഴിയൊരുക്കാനുളള വേദി ഒരുക്കാനാകും ഇനി തന്റെ പരിശ്രമം എന്നും വിജയ് പറയുന്നു

പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു.ഇതുവരെ മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്.അഭിനയ രംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് വിജയ് യേശുദാസ് ആയിരുന്നു.അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.