നാട്ടുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തിരക്കില്‍ മകന്‍ വീട്ടുകാരെ മറന്നു ;തേടിപ്പിടിച്ച് അമ്മയെത്തി

അടിമാലി: കേരളത്തെ ദുരിതത്തിലാഴ്ത്തി പെയ്തിറങ്ങുന്ന തോരാമഴയില്‍ അകപ്പെട്ട നാട്ടുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തിരക്കില്‍ മകന്‍ വീട്ടുകാരെ മറന്നു. കോരിച്ചൊരിയുന്ന മഴത്തും 70 കിലോമീറ്റര്‍ താണ്ടി വില്ലേജ് ഓഫീസറായ മകനെ തേടി ആ അമ്മയെത്തി. ഇന്നലെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍വച്ചാണ് അമ്മ മകനെ കണ്ടത്.

മന്നാംകണ്ടം വില്ലേജ് ഓഫീസറായ തൊടുപുഴ ഇടവെട്ടി സ്വദേശി വിബി ജയനെ തേടിയാണ് മാതാവ് അംബുജാക്ഷിയമ്മ എത്തിയത്. ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ജയന്‍ ഫോണെടുക്കാതിരുന്നതോടെയാണ് റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ അംബുജാക്ഷിയമ്മ അടിമാലിയിലെത്തിയത്.

ഉരുള്‍പൊട്ടല്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ കാലുമായാണ് ജയന്‍ ഇന്നലെ അമ്മയെ കണ്ടത്. ആദ്യം പരിഭവം പറഞ്ഞെങ്കിലും പിന്നീട് മകന്‍ ചെയ്യുന്ന സേവനമോര്‍ത്ത് ആ അമ്മയ്ക്ക് അഭിമാനം തോന്നി. സ്‌കൂളിന്റെ വരാന്തയില്‍ അമ്മയുമായി സംസാരിക്കുമ്പോഴും ജയന്റെ ഫോണിലേക്ക് ഔദ്യോഗിക കോളുകളുടെ പ്രവാഹമായിരുന്നു. ക്യാമ്പിലെ അംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹവും സഹകരണവും കണ്ടതോടെ ഉച്ചയ്ക്ക് മകനോടൊപ്പം ക്യാമ്പിലെ ബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ച് വൈകുന്നേരത്തോടെയാണു മടങ്ങിയത്.

രണ്ടു പതിറ്റാണ്ട് മുന്‍പ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ച ജയന്‍ 2001ല്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍, എല്‍ഡി, യുഡി ക്ലാര്‍ക്ക് എന്നീ നിലകളില്‍ ജോലി ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുന്‍പ് വില്ലേജ് ഓഫീസറായി മറയൂര്‍ കീഴാന്തൂരില്‍ എത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് ജയന്‍ മന്നാംകണ്ടത്തേക്കെത്തിയത്.

മൃഗസംരക്ഷണവകുപ്പില്‍ നിന്നും വിരമിച്ച ബാലകൃഷ്ണന്‍ നായരാണ് പിതാവ്. ഭാര്യ അനുജ. അഞ്ചാംക്ലാസ് വിദ്യാര്‍ഥി അനന്തപത്മനാഭന്‍, മൂന്നാംക്ലാസുകാരി മീര എന്നിവര്‍ മക്കളാണ്.