ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന് തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയര്‍ത്തി പറയാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിനയന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പാഷ്ട്രീയ സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രികരിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ വിനയന്‍. ഈ ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന കാര്യം തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ശബ്ദമുയര്‍ത്തി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനു മുന്‍പുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്തി എം കെ സ്റ്റാലിന്‍ മുല്ലപ്പെരിയാറിന്റെ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്‌നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും ഈ കാര്യത്തില്‍ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറുള്ളവരല്ലെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് രാഷ്ട്രീയ സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണം.. മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങള്‍… രാത്രിയില്‍ ഞങ്ങള്‍ക്കുറങ്ങാന്‍ കഴിയുന്നില്ലാ.. ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങള്‍ക്ക് ജോലിക്കു പോലും പോകാന്‍ കഴിയുന്നില്ല.. എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മള്‍ എത്രയോ ദിവസങ്ങളായി കേള്‍ക്കുന്നു.. മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല..

പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്.. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു.. ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാതെ ഇനിയും നിസ്സാരവല്‍ക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്. ഇതിനു മുന്‍പുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്തി എം കെ സ്റ്റാലിന്‍ മുല്ലപ്പെരിയാറിന്റെ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്‌നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും ഈ കാര്യത്തില്‍ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറുള്ളവരല്ല..
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതീവ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല..

പക്ഷേ രാത്രിയില്‍ വെള്ളം തുറന്നു വിട്ട് ഡാമിന്റെ താഴ് വാരത്തില്‍ താമസിക്കുന്ന ജനതയെ ഉറങ്ങാന്‍ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏര്‍പ്പാടെങ്കിലും നിര്‍ത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന കാര്യം തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയര്‍ത്തി പറയാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം എന്നാണെന്റെ അഭ്യര്‍ത്ഥന… നമ്മുടെ ഗവണ്‍മെന്റിനോ ഏതെങ്കിലും പാര്‍ട്ടിക്കോ ഒറ്റക്കു തീര്‍ക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്‌നം മാറിയിരിക്കുന്നു എന്നാണ്
പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം തമിഴ് നാട് എം പി മാരുടെ പ്രകടനം കണ്ടപ്പോള്‍ തോന്നിയത്..

കേരളത്തിലെ എല്ലാ സാംസ്‌കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയില്‍ പ്രതികരിച്ചാലേ ഈ മരണക്കെണിയില്‍ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം.. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങള്‍ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുയല്ല വേണ്ടത്,,