തന്റെ പത്ത് വർഷം കളഞ്ഞത് ദിലീപ് ആണ്, ആരോപണവുമായി വിനയൻ

ദിലീപിന് എതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മലയാള സിനിമ മേഖലയില്‍ നിന്നും പത്ത് വര്‍ഷത്തോളം താന്‍ പുറത്ത് നില്‍ക്കാന്‍ കാരണം ആയത് നടന്‍ ദിലീപ് ആണെന്ന് വിനയന്‍ പറഞ്ഞു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സമയം 40 ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകാതെ ഇരുന്നപ്പോള്‍ അത് ശരിയല്ല എന്ന് താന്‍ കര്‍ശനമായി പറഞ്ഞു. ഇതോടെ മലയാള സിനിമയുടെ വ്യവസായത്തില്‍ നിന്നും തന്നെ പുറത്താക്കും എന്നായിരുന്നു ദിലീപ് പറഞ്ഞത്. അതിന്റെ ബാക്കി ആയിരുന്നു തനിക്ക് എതിരെ ഉണ്ടായ വിലക്ക്. പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെ ആണ് വിനയന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും എന്റെ പത്ത് വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുക.

അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍.

മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ നസീറിനു പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയന്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാള്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.

നേരത്തെ താരസംഘടനയിലെ പോരിനെ കുറിച്ച് സംവിധയകന്‍ വിനയന്‍ പ്രതികരിച്ചത് ചര്‍ച്ച ആയിരുന്നു. സംഘടനയിലെ അംഗങ്ങളുടെ ചേരിതിരിവിനെ കുറിച്ച് ആദ്യം സംസാരിച്ച വ്യക്തിയായിരുന്നു വിനയന്‍ .താരസംഘടനയിലുള്ളവര്‍ യാദവവംശത്തിലെ ശാപം പോലെ പരസ്പരം തമ്മിത്തല്ലി നശിക്കുകയാണ്. ഇന്നലത്തെ സിദ്ദിഖിന്റെ വാര്‍ത്ത സമ്മേളനവും ഇന്ന് സിദ്ദിഖിനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ? ജനങ്ങള്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നാണോ ഇവരുടെ വിചാരം. മോഹന്‍ലാല്‍ പ്രാപ്തിയുള്ള ആളാണ്. അയാള്‍ക്ക് ആരുടേയും മുഖം നോക്കേണ്ട കാര്യമില്ല, പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട്തന്നെ മോഹന്‍ലാല്‍ വിചാരിച്ചാല്‍ പ്രശന്ങ്ങള്‍ പരിഹിക്കാനാകും. പക്ഷെ, അദ്ദേഹം അത് ചെയ്യുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്- വിനയന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു .

വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് ഇന്ന് താരസംഘടയയക്കുള്ളില്‍ നടക്കുന്നതെന്ന് വിനയന്‍ പറയുന്നു. എന്നെയും തിലകന്‍ ചേട്ടനേയുമൊക്കെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് ഈ സംഘടനയും സൂപ്പര്‍ താരങ്ങളും. അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞുപരത്തി. എന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരേയും എന്നില്‍ നിന്നകറ്റി- വിനയന്‍ പറയുന്നു..ഇപ്പോള്‍ അവര്‍ പറയുന്നു, ദിലീപിന് ജോലിചെയ്യാനുള്ള അവകാശമുണ്ടെന്ന്. അയാള്‍ സിനിമയില്‍ അഭിനയിക്കട്ടേ എന്ന്. അപ്പോള്‍ എനിക്കും തിലകന്‍ ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ? എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍ നിന്ന് വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ്- വിനയന്‍ പറഞ്ഞു.താരസംഘടനയിലെ പോരുകള്‍ ജനങ്ങള്‍ ആദ്യമായി അറിഞ്ഞത് സംവിധായകന്‍ വിനയനിലൂടെയാണ്.