വൈറൽ പനിയും ആസ്തമയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ; ശ്വാസംമുട്ടി കേരളം

തിരുവനന്തപുരം : ചൂട് തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് വൈറൽ പനിയും ആസ്തമയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നു. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. എത്തുന്നവരിൽ ഏറെയും കുട്ടികളാണ്. നാല് ദിവസത്തെ പനിയും തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് പിടിപെടുന്നത്.

എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തുന്നത്. രോഗികളിൽ കൂടുതൽ പേർ കിടത്തിച്ചികിത്സയ്‌ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്. ആസ്തമ വഷളായി ഏറെപ്പേർ ചികിത്സയ്‌ക്ക് എത്തുന്നുണ്ട്. രോഗികളിൽ ഇൻഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലർക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും നൽകുകയാണ് ചെയ്യുന്നത്.

അസുഖത്തിന് കാരണമാകുന്നത് ഇൻഫ്ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകളാണെന്നാണ് വിവരം. അതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആസ്തമ വഷളായി ഏറെപ്പേർ ചികിത്സയ്‌ക്ക് എത്തുന്നുതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാൻ കാലതാമസം വരുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിതശൈലീരോഗങ്ങൾ ഉള്ളവരിലും കിടത്തിച്ചികിത്സ ആവശ്യമായിവരുന്നു. രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ദിവസങ്ങളോളം രോഗത്തിന്റെ പിടിയിൽ കഴിയേണ്ട അവസ്ഥയിലാണ് രോഗികൾ.