ചൈനയുടെ കൊടും ക്രൂരത, ശരീരം മുഴുവന്‍ പരുക്കുപറ്റി മലയാളി സൈനികന്‍, ഹവില്‍ദാര്‍ വിഷ്ണു മടങ്ങി വരുന്നത് കാത്ത് കുടുംബം

ഹവില്‍ദാര്‍ വിഷ്ണുവിന്റെ ഭാര്യ പ്രീതയും മകന്‍ മാധവും

ആലപ്പുഴ: ഇന്ത്യ- ചൈന അതിര്‍ത്തി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ചൈനയുടെ ആക്രമണത്തില്‍ സൈനികന്‍, മാവേലിക്കര സ്വദേശി വിഷ്ണു നായരുടെ വീട്ടിലേക്കുള്ള മടക്കം ഇനിയും വൈകും. പരുക്ക് ഭേദമായി വിഷ്ണു തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് ഭാര്യ പ്രീതയും മക്കളായ വേദികയും മാധവും. ഹവില്‍ദാര്‍ വിഷ്ണുവിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയിരുന്നെന്ന് തിങ്കളാഴ്ചയാണ് വീട്ടില്‍ അറിയിപ്പ് ലഭിക്കുന്നത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വിഷ്ണുവുമായി ഒന്ന് സംസാരിക്കാന്‍ പോലും വീട്ടുകാര്‍ക്ക് കഴിയുന്നില്ല. ഫോണോ മറ്റ് സൗകര്യങ്ങളോ വിഷ്ണു കഴിയുന്നിടത്തില്ല. ഇന്നലെ വിഷ്ണുവിന്റെ ഫോണ്‍ എത്തി. തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സുരക്ഷിതനാണെന്നും 34കാരനായ വിഷ്ണു പറഞ്ഞു. അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചു എന്നും ദേഹം മുഴുവന്‍ നീരാണെന്നും കൈ ഒടിഞ്ഞെന്നും വിഷ്ണു പറഞ്ഞു. ഇപ്പോള്‍ ചികിത്സ കേന്ദ്രത്തിലാണ് വിഷ്ണു. പരുക്കുകള്‍ ഭേദമായി വിഷ്ണു നാട്ടിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രീത പറയുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിഷ്ണു സൈന്യത്തില്‍ ചേരുന്നത്. മാവേലിക്കര ചെട്ടിക്കുളങ്ങര നടയ്ക്കാവ് കാരുവേലില്‍ കിഴക്കതില്‍ പരേതനായ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മകനാണ് വിഷ്ണു. ബിഹാറില്‍ ആയിരുന്നു വിഷ്ണു സര്‍വീസ് ചെയ്തിരുന്നത്. സിയാച്ചിനിലേക്ക് ഏഴ് മാസം മുമ്പാണ് മാറ്റം ലഭിച്ചത്. ബിഹാറില്‍ രണ്ടര വര്‍ഷത്തോളം പ്രീതയും കുഞ്ഞുങ്ങളും വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്നു. മൂത്ത മകള്‍ വേദിക വേലഞ്ചിറ ജനശക്തി പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്.

‘ശരീരമാസകലം വേദനയുണ്ട്, ഒരു കൈയ്ക്ക് ഒടിവുണ്ട്, മറ്റേ കൈയ്ക്ക് ചതവും. അമ്മ വിഷമിക്കണ്ട.’ എന്നു പറഞ്ഞാണ് ഇന്നലെ രാവിലെ അവന്‍ ഫോണ്‍ വച്ചത്. ഇന്ദിരാമ്മ ഇടറിയ വാക്കുകളോടെ പറഞ്ഞു. വിഡിയോ കോള്‍ ആയിരുന്നു. ദേഹം മുഴുവന്‍ പുതച്ചിരിക്കുന്നു. മുഖം മാത്രമേ കണ്ടുള്ളൂ. അവനു നല്ല വേദനയുണ്ടെന്നു തോന്നുന്നു. എന്നാലും ഇത്രയും ക്രൂരത വേണ്ടായിരുന്നു. – ഇന്ദിരാമ്മ പറഞ്ഞു.

അക്രമണം ഉണ്ടായി 3 ദിവസത്തിന് ശേഷമാണ് വിഷ്ണുവിന് പരുക്ക് പറ്റിയെന്ന് നാട്ടില്‍ അറിയുന്നത്. ബന്ധുക്കള്‍ വിവരം അറിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇന്ദിരാമ്മയെ അറിയിക്കുന്നത്. അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ടു മഞ്ഞുപാളിക്ക് മുകളില്‍ കിടന്ന വിഷ്ണുവിനെ രണ്ടാം തവണ എത്തിയ ഹെലികോപ്ടറിലാണ് ലഡാക്കില്‍ എത്തിച്ചത്.