ശരണ്യയെ കുടുക്കിയത് ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആ തെളിവ്

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ ഇല്ലാതാക്കിയത് അമ്മ ശരണ്യ എന്ന് പോലീസ് വെളിപ്പെടുത്തലില്‍ കേരളം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കൃത്യം നടപ്പാക്കിയത്. കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെയും മകനെ ഒഴിവാക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ മകനെ ഇല്ലാതാക്കി ആ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടി വയ്ക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്ന് മാസമായി പിണങ്ങി കഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ വീട്ടിലേക്ക് വിളിച്ചു വരുത്തി. കുറ്റം പ്രണവിന് മേല്‍ ചുമത്താനായിരുന്നു ഇത്. കുട്ടി മരിച്ചതോടെ ബന്ധുക്കളും സംശയിച്ചത് പ്രണവിനെയാണ്.

എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെയും പഴുതടച്ച അന്വേഷണത്തിലൂടെയും അമ്മയാണ് കുഞ്ഞിനെ ഇല്ലാതാക്കിയത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഇല്ലാതാക്കിയ ശേഷം, കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്തുന്നതോടെ അദ്ദേഹം ജയിലിലാകും. തുടര്‍ന്ന് കാമുകനൊപ്പം സ്വസ്ഥമായി ജീവിക്കാനായിരുന്നു ശരണ്യ ലക്ഷ്യം ഇട്ടിരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ശരണ്യയും പ്രണവും തമ്മില്‍ കലഹം പതിവായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ശരണ്യയും കുഞ്ഞും താമസിച്ചിരുന്നത്. ഞായറാഴ്ച പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒപ്പം താമസിപ്പിക്കുകയും, പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ ശരണ്യ കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശരണ്യയുടെ മൊബൈലിലെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെപ്പറ്റി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ശരണ്യയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെയും ഫലം ലഭിച്ചു. ഇതില്‍ കടല്‍ വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തി. തുടര്‍ന്ന് ഈ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ്, രണ്ടു ദിവസത്തോളം പറഞ്ഞ കള്ളങ്ങള്‍ പൊളിച്ച് ശരണ്യ സത്യം തുറന്ന് പറയുകയായിരുന്നു.

മൂന്നുമാസത്തിന് ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവ് പ്രണവ് വീട്ടില്‍ വന്നത്. അന്ന് വീട്ടില്‍ തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വീട്ടിലെത്തിയ പ്രണവും ശരണ്യയും കുഞ്ഞും ഒരുമുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്തശേഷം പ്രണവിന് ഒപ്പം തന്നെ കിടത്തി. ചൂടു കാരണം താന്‍ ഹാളില്‍ കിടന്നു. രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത് എന്നായിരുന്നു ശരണ്യ ആദ്യം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ശരണ്യ സത്യം വെളിപ്പെടുത്തി. ഭര്‍ത്താവ് ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച രാത്രി മൂന്നുപേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയ്ക്ക് കുഞ്ഞുമായി എഴുന്നേറ്റ് ഹാളിലെത്തി. കുഞ്ഞിനെ എടുത്തതോടെ പ്രണവ് ഉണര്‍ന്നു. മുറിയില്‍ ചൂട് കൂടുതലായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്ന്് പ്രണവിനോട് പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങിയെന്ന് ബോധ്യപ്പെടും വരെ കുട്ടിയുമായി ഹാളില്‍ ഇരുന്നു. തുടര്‍ന്ന് പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി. 50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നും താഴേക്ക് വലിച്ചിട്ടു.

കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞ് കരഞ്ഞു. കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി. വീണ്ടും ശക്തിയായി കരിങ്കല്‍ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചുവീട്ടിലെത്തി അടുക്കള വാതില്‍ വഴി അകത്തെത്തി ഹാളില്‍ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞ് കിടന്നുറങ്ങി. -ശരണ്യ പോലീസിനോട് വെളിപ്പെടുത്തി.