ഇനി അവള്‍ ‘പ്രതീക്ഷ’, കുരിശടിക്കുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിക്ക് പേരിട്ടു

വിഴിഞ്ഞം ചൊവ്വരയിലെ കുരിശടിക്ക് സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന് പ്രതീക്ഷ എന്ന് പേരട്ടു. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇന്നലെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുരിശടിയില്‍ വെയിലത്ത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.

നാട്ടുകാരനായ യുവാവ് പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി. വെയിലത്ത് കുരിശടിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ശരീരം ചുവന്നിരുന്നു. നേരിയ തോതില്‍ നിര്‍ജലീകരണവും സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്. കുഞ്ഞ് ജനിച്ചിട്ട് അഞ്ച് ദിവസമായിട്ടുള്ളൂ. പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് ഉള്ളതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലെത്തിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്നു അധികൃതര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞിനു പ്രതീക്ഷ എന്നു പേരിട്ടതായും നാളെ(ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കുമെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാന്‍ അറിയിച്ചു. വിഴിഞ്ഞം എസ്‌ഐമാരായ എസ്.എസ്. സജി, അലോഷ്യസ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ നികിത, ഹോംഗാര്‍ഡ് ശ്രീകുമാരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെടുത്ത കുഞ്ഞിനെ 108 ആംബുലന്‍സ് നഴ്‌സ് വിജീഷ്, പൈലറ്റ് ചഞ്ചുകുമാറും ചേര്‍ന്നാണ് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.