വിഴിഞ്ഞം സമരം, ലത്തീൻ അതിരൂപത എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകൾ തുടരും.

വിഴിഞ്ഞം സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ആർച്ച് ബിഷപ്പ് ഉന്നയിക്കുന്നത്. സർക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളിൽ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മർദിച്ചു. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള ഡോ. തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് അതിരൂപതക്ക് കീഴിലെ എല്ലാ പള്ളികളിലും വായിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. തുറമുഖ നിർമാണം സ്ഥിരമായി നിർത്തിവെക്കണമെന്നല്ല, നിർമാണം നിർത്തിവെച്ചുള്ള പഠനമാണ് വേണ്ടത്‌. ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു.