ഉംപുന് പിന്നാലെ രാജ്യത്ത് ഉഷ്‌ണതരംഗം,​ അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ഉഷ്‌ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ തുടങ്ങി അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.