കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ – കിഴക്കൻ, മധ്യ – പടിഞ്ഞാറൻ, തെക്കു – പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനു പോകരുത്. ഈ മുന്നറിയിപ്പു തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.

കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 23 വരെ ശക്തമായ മഴയ്ക്ക് (ഏഴ് മുതൽ 11 സെന്റീമീറ്റർ, 24 മണിക്കൂറിൽ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.