‘ചെരുപ്പ് ഒളിപ്പിച്ച് വച്ച് പണം ആവശ്യപ്പെട്ടു’; പെണ്‍കുട്ടികളെ അധിക്ഷേപിച്ച് വരന്‍, വിവാഹം വേണ്ടെന്ന് വച്ച് വധു

വിവാഹ മണ്ഡപത്തിലേക്ക് വരവേല്‍ക്കാനെത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ച വരനുമായുള്ള വിവാഹം വേണ്ടെന്ന് വച്ച്‌ വധു.ഉത്തര്‍പ്രദേശിലെ സിസൗളി ​ഗ്രാമത്തിലാണ് സംഭവം. ആചാരപ്രകാരം വരനെ വധുവിന്റെ കുടുംബത്തിലുള്ള പെണ്‍കുട്ടികളാണ് സ്വീകരിക്കേണ്ടത്. ഇതിനിടെ പെണ്‍കുട്ടികളെ വരന്‍ അപമാനിക്കുകയായിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.

വിവാഹപന്തലിലെത്തിയ വരന്റെ ചെരുപ്പ് ഒളിപ്പിച്ചുവച്ച്‌ പെണ്‍കുട്ടികള്‍ പണം ആവശ്യപ്പെടുന്നതാണ് ആചാരം. ‘ജുത ചുരായ്’ എന്നാണീ ആചാരത്തിന്റെ പേര്. എന്നാല്‍, തന്റെ ചെരുപ്പ് ഒളിപ്പിച്ച്‌ വച്ച്‌ തന്നോട് പണം ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ 22കാരനായ വരന്‍ വിവേക് കുമാര്‍ ദേഷ്യപ്പെടുകയായിരുന്നു. വിവേകിനെ സമാധാനപ്പെടുത്താന്‍ വധുവിന്റെ കുടുംബം ശ്രമിച്ചെങ്കിലും ‌ഫലമുണ്ടായില്ല.

കോപം അടക്കാനാകാതെ വിവേക് കൂട്ടത്തിലൊരാളെ മര്‍ദ്ദിക്കുകയും ചെയ്തു. വിവരമറി‍ഞ്ഞ് വിവാഹപന്തലിലെത്തിയ വധു വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹ​ത്തിനെത്തിയ മുഴുവന്‍ ആളുകളെയും വധുവിന്റെ കുടുംബം മടക്കിയയച്ചു. എന്നാല്‍, വരനെയും കുടുംബത്തെയും വധുവിന്റെ വീട്ടില്‍ തടഞ്ഞുവച്ചു. പിന്നീട് ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു.

സ്ത്രീധനമായി വാങ്ങിയ പത്ത് ലക്ഷം രൂപ തിരിച്ച്‌ നല്‍കണമെന്ന കരാറോടുകൂടി വധുവിന്റെ വീട്ടുകാര്‍ പ്രശ്നം പരിഹരിച്ചു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. സ്റ്റേഷന് പുറത്ത് ഇരുവീട്ടുകാരും ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍‌പ്പാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.