തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ എന്തിന് തിടുക്കം;കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരിഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. എന്തിനാണ് ഇത്ര തിടുക്കം കാട്ടിയതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന് അറ്റോണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നാലുപേരില്‍ നിന്ന് ഈ പേരിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് കോടതി ചോദിച്ചു. ഒഴിവുവന്നത് മേയ് 15ന്, അന്നുമുതല്‍ നവംബര്‍ 18 വരെ എന്തു ചെയ്തുവെന്നു പറയാമോ എന്നും കോടതി ചോദിച്ചു.

അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പരിശോധിക്കവേയാണു ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടു നിര്‍ണായക ചോദ്യങ്ങള്‍ ചോദിച്ചത്. നിയമ മന്ത്രാലയം നാലു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി, ഫയല്‍ നീക്കിയത് നവംബര്‍ 18ന്. അന്നുതന്നെയാണ് പ്രധാനമന്ത്രിയും പേര് നിര്‍ദേശിച്ചത്. ഇതില്‍ ഏറ്റുമുട്ടലിനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂര്‍ത്തിയായതും ഒരേ ദിവസം.

24 മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി എന്ന് കോടതി ചോദിച്ചു. അരുണ്‍ ഗോയലിന്റെ യോഗ്യതകളെപ്പറ്റിയല്ല, നിയമന നടപടിയെയാണു ചോദ്യം ചെയ്യുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗോയലിന്റെ നിയമന രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തെ കഴിഞ്ഞദിവസം കേന്ദ്രം ശക്തമായി എതിര്‍ത്തിരുന്നു. എല്ലാം ശരിയായാണ് നടന്നത് എന്നുറപ്പാക്കാനാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നു കോടതി വിശദീകരിച്ചു.

തിരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമന കാര്യത്തില്‍ പരിഷ്‌കാരം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേ, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണാണു വിഷയം ഉന്നയിച്ചത്. സര്‍വീസില്‍നിന്നു സ്വയം വിരമിച്ച് 2 ദിവസത്തിനകമാണ് അരുണ്‍ ഗോയലിനു തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമനം ലഭിച്ചത്. സാധാരണ സര്‍വീസില്‍ നിന്നു വിരമിച്ചവരാണ് കമ്മിഷണര്‍മാരാകുന്നത്. എന്നാല്‍, അരുണ്‍ ഗോയല്‍ സര്‍ക്കാര്‍ സെക്രട്ടറിയായിരുന്നു തന്നെയാണ് ഈ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും പെട്ടെന്നു വിആര്‍എസ് എടുത്തു പദവി നേടുകയാണു ചെയ്തതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

സാധാരണഗതിയില്‍ വിആര്‍എസ് എടുക്കുന്നവര്‍ 3 മാസ നോട്ടിസ് നല്‍കുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20നാണ് അരുണ്‍ ഗോയലിന്റെ നിയമനം. 2027 ഡിസംബര്‍ വരെ കമ്മിഷനില്‍ തുടരും. നിയമനത്തിനു തൊട്ടുമുന്‍പുവരെ കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരുന്നു. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് യെസ് പറയുന്ന ആളെയാണ് എല്ലാ സര്‍ക്കാരുകളും തിരഞ്ഞെടുപ്പു കമ്മിഷന്‍ അധ്യക്ഷനാക്കുന്നതെന്നതാണ് ഹര്‍ജിക്കാരുടെ വാദം.