ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല; നാലു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവാവ്

ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് നാലു പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബര്‍മറിലെ പോഷാല്‍ ഗ്രാമത്തിലുള്ള പുഖാറാം എന്നയാളാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ മക്കളായ വസുന്ധര(ഒന്നര വയസ്സ്), ലക്ഷ്മി (3), നോജി(5), ജീയോ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പുഖാറാം ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടികളെ വിഷം നല്‍കി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചാണ് കൊന്നത്. ശേഷം ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് പുഖാറാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാള്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് പെണ്‍മക്കളെ തനിച്ച് വളര്‍ത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മക്കളെ നോക്കാന്‍ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ആവശ്യം അംഗീകരിച്ചില്ല. ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടികളുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വീട്ടിലെത്തിയ പുഖാറാം നാല് മക്കളേയും തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെയാണ് കുഞ്ഞുങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയതും.