ഇരട്ടക്കുട്ടികളുടെ അമ്മ ജീവനൊടുക്കിയ സംഭവം, വിനയായത് മുന്‍പിന്‍ നോക്കാതെയുള്ള സോഷ്യല്‍മീഡിയ പ്രണയവും വിവാഹവും, അറസ്റ്റിലായ ഭര്‍ത്താവിന് മറ്റൊരു ഭാര്യ

വെമ്പായം: ഇരട്ടക്കുട്ടികളുടെ അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യ ഭവനില്‍ ആര്യ ദേവന്‍ എന്ന 23കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആര്യയുടെ ഭര്‍ത്താവ് തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലൈനില്‍ വത്സലാഭവനില്‍ പ്രദീപ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി (32) നെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആദ്യ വിവാഹം മറച്ച് വെച്ചാണ് രാജേഷ് ആര്യയെ വിവാഹം ചെയ്യുന്നത്. ഇത് ആര്യ അറിഞ്ഞത് മുതല്‍ ദാമ്പത്തിക ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചിരുന്നു. ആര്യയെ ഫോണ്‍ ചെയ്തും ഇയാള്‍ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ആര്യയുമായി രാജേഷ് സൗഹൃദം സ്ഥാപിക്കുന്നത് ഫേസ്ബുക്ക് ചാറ്റിലൂടെയാണ്. പിന്നീട് സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു.

രാജേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ആര്യയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആ സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും പോലീസ് പറയുന്നു. ഇതിന്റെ പേരില്‍ ആര്യയും ഭര്‍ത്താവുമായി സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. തുടര്‍ന്ന് രാജേഷുമായി വഴക്കിട്ട് പിരിഞ്ഞ് ഒമ്പത് മാസമായി അച്ഛന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് രാജേഷ് രാത്രിയില്‍ ആര്യയുടെ അടുത്തെത്തുകയും പണം ആവശ്യപ്പെട്ട് ബഹളം വെയ്ക്കുകയും ചെയ്തു. മാത്രമല്ല ഇരുഭാര്യമാരും കൂടാതെ വേറെ സ്ത്രീകളുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ ആര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ബുധനാഴ്ച രാത്രി 11 മണിയോടെയാണ്. മക്കളായ ഹര്‍ഷന്റെയും ഹര്‍ഷിദിന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ ആര്യയുടെ അമ്മയും സഹോദരിയും വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ആര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാജേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തില്‍ വട്ടപ്പാറ സിഐ ടി.ബിനുകുമാര്‍, എസ്‌ഐമാരായ സലില്‍, ബാബു സാബത്ത്, എഎസ്‌ഐ ഷാ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷമീര്‍, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കല്‍ കോളജില്‍നിന്ന് രാജേഷിനെ അറസ്റ്റ് ചെയ്തത്.