മരിക്കാനായി കിണറ്റില്‍ ചാടിയ യുവാവ് രക്ഷപ്പെട്ട് എത്തിയപ്പോള്‍ കണ്ടത് തൂങ്ങി മരിച്ച ഭാര്യയെ

കടയ്ക്കല്‍: ജീവനൊടുക്കുക എന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇക്കാര്യം പലപ്പോഴും പലരും പറഞ്ഞിട്ടുള്ള കാര്യവുമാണ്. എന്നാല്‍ ഒരു നിമിഷത്തെ തോന്നലില്‍ അനാഥമാകുന്നത് ഉറ്റവര്‍ കൂടിയാണ്. ഇത്തരത്തില്‍ യുവതി ജീവനൊടുക്കിയ സംഭവമാണ് കൊല്ലം കടയ്ക്കലില്‍ ഉണ്ടായത്. കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ യുവാവ് ശ്രമിക്കുകയും പിന്നീട് തനിയെ കിണറ്റില്‍ നിന്നും കയറി എത്തിയപ്പോഴാണ് വീടിനുള്ളില്‍ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം കടയ്ക്കല്‍ ചിതറ ഭജനമഠം പുതുശ്ശേരിയില്‍ ആണ് സംഭവം ഉണ്ടായത്. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 26 വയസായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി. പോലീസ് എത്തിയത് കണ്ട് രഞ്ജിത്ത് ബൈക്കില്‍ കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കുണ്ടാക്കി. ഒടുവില്‍ ജീവനൊടുക്കാന്‍ എന്ന് പറഞ്ഞ് കിണറ്റില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് കിണറ്റില്‍ നിന്നും തന്നെത്താന്‍ കയറിയ രഞ്ജിത്ത് വീട്ടില്‍ കയറിയപ്പോള്‍ അസ്വതിയെ തൂങ്ങി മരിച്ച നിലയില്‍ ആണ് കാണുന്നത്. തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അശ്വതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: വൈഷ്ണവ്, വൈശാഖ്.