ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല, എന്നെ വെറുതേ വിടൂ, ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിക്കുന്നത് നിർത്തണം- നിഷ പുരുഷോത്തമൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമ പ്രവർത്തകർക്കു നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് കടുത്ത സൈബർ ആക്രമണമാണ്. അതിനിരയാക്കപ്പെട്ടവരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണ്. മാധ്യമപ്രവർത്തകയായ നിഷ പുരുഷോത്തമനും സൈബർ ആക്രമണത്തിന് ഇരയായിരുന്നു. എന്നാൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിഷക്കും കഥയൊന്നുമറിയാതെ ആക്രമണത്തിൽ ഇരയാകേണ്ടി വന്നു. പേരിലെ സാമ്യംമൂലമാണ് ഒരു കാര്യവുമില്ലാതെ ചീത്ത വിളി കേൾക്കേണ്ടി വന്നത്.

ആളുമാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നതെന്നും ആർക്കെതിരെയും ഇത്രയും മോശം ഭാഷ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ഒടുവിൽ നിഷ തന്നെ ഫേസ്ബുക്കിൽ വീഡിയോയോട് കൂടിയ പോസ്റ്റ് പങ്കുവെയ്ക്കുകയായിരുന്നു. തനിക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്ന എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്ന് വ്യക്തമാക്കിയാണ് നിഷയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ ആണെന്നാണ്. എന്നാൽ, താൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ അല്ലെന്നും താനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണെന്നും ദയവായി ഇക്കാര്യം മനസിലാക്കണമെന്നുമാണ് നിഷ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

ദൈവത്തെയോർത്ത് ഇത്രയും തരം താഴ്ന്ന ഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്നും ആശയവിനിമയം നടത്താൻ ഇത്രയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നുവെന്നും നിഷ ചോദിക്കുന്നു.