പാക് വ്യോമപാതയില്‍ക്കൂടി മോദി പോകില്ല; പകരം കണ്ടെത്തിയ വഴിയിലൂടെ കിര്‍ഗിസ്താനിലേക്ക് പോകും

പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടും ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമപാതയില്‍ക്കൂടി പോകില്ല. ഒമാനിലും ഇറാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും കൂടി കടന്നുപോകുന്ന വ്യോമപാതയില്‍ ക്കൂടിയാണ് മോദി ഉച്ചകോടി നടക്കുന്ന കിര്‍ഗിസ്താനിലെ ബിഷ്‌കേക്കിലേക്കു പോകുക.

വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേതന്നെ പാക് വ്യോമപാത കൂടാതൊരു മാര്‍ഗം സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. നാളെയും മറ്റന്നാളുമായാണ് ഉച്ചകോടി നടക്കുക.

ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്കു യാത്രാനുമതി നിഷേധിക്കപ്പെട്ട വ്യോമപാത മോദിക്കായി തുറന്നുനല്‍കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാകിസ്താന്‍ അംഗീകരിക്കുകയും ചെയ്താണ്. എന്നാല്‍ ഇപ്പോള്‍ അതു സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കാനുണ്ടായ സാഹചര്യമെന്തെന്നു വ്യക്തമല്ല.

പാക് വ്യോമപാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ കൂടുതല്‍ സമയമുള്ള യാത്ര ഒഴിവാക്കാനാവും. എട്ടുമണിക്കൂര്‍ യാത്ര നടത്തുന്നതിനു പകരം നാലുമണിക്കൂര്‍ മതിയാവും.