രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വില്യം ബേണിനെ പ്രഖ്യാപിച്ച് ബൈഡന്‍

അമേരിക്കയുടെ പ്രതിരോധമേഖലയടക്കം ശ്രദ്ധിക്കുന്ന രഹസ്യാന്വേഷണ വിഭാഗം തലവനായി വില്യം ബേണിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‌റ് ജോ ബൈഡന്‍. രാഷ്ട്രീയത്തിന് അപ്പുറം ബൈഡനുമായി ദീര്‍ഘകാല ബന്ധമുള്ള വിദേശകാര്യ വകുപ്പിലെ നയതന്ത്രജ്ഞനെന്നതാണ് വില്യം ബേണ്‍ സിഐഎ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ കാരണമായത്. രാഷ്ട്രീയത്തിന് അതീതനായ ഒരുവ്യക്തി എന്ന നിലയിലാണ് വില്യം ബേണിന്റെ ഔദ്യോഗിക മികവ് വിലയിരുത്തപ്പെടുന്നത്.

നേരത്തേ ഇറാനുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത പരിചയം അന്താരാഷ്ട്ര രംഗത്തെ വില്യമിന്റെ മികവിന്റെ ഉദാഹരണമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. മുന്‍ പ്രസിഡന്റ് ഒബാമയുടെ ഭരണത്തിന്‍ കീഴില്‍ ബൈഡനും വില്യം ബേണും നിരവധി വിദേശകാര്യ വിഷയങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സെനറ്റര്‍ എന്ന നിലയില്‍ ബൈഡന്‍ വിദേശകാര്യവിഭാഗം സമിതിയുടെ അദ്ധ്യക്ഷനായിരിക്കേ വില്യം ബേണാണ് സഹായത്തിനുണ്ടായിരുന്നത്. ഇത്തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ബൈഡന്‍ തീരുമാനിച്ചിരിക്കുന്ന ജേക് സുള്ളിവനുമായി പ്രവര്‍ത്തിച്ച പരിചയവും വില്യം ബേണിനെ പരിഗണിക്കാന്‍ കാരണമാകുന്നു.