സ്ത്രീധനം ആവശ്യപ്പെട്ട് ഭക്ഷണം പോലും നല്‍കാതെ യുവതിയെയും മക്കളെയും വീട്ടുതടങ്കലിലാക്കി

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മാവേലിക്കരയില്‍ നിന്നും പുറത്തുവരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണ് പ്രകടമാകുന്നത്. ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും ഭര്‍തൃവീട്ടുകാര്‍ വീട്ടുതടങ്കലിലാക്കി.

ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്‍-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ് ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചത്. നിഷയുടെ മക്കളായ നിജാഫാത്തിമ(ആറ്), മുഹമ്മദ്‌സല്‍മാന്‍(ഒന്ന്) എന്നിവരും വട്ടപ്പാറയിലുള്ള ഭര്‍തൃവീട്ടില്‍ തടങ്കലിലായിരുന്നു.

ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10 ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മര്‍ദിച്ചു. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും പീഡിപ്പിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട നിഷ റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്നും പിങ്ക് പോലീസെത്തി പിങ്ക് പോലീസെത്തി യുവതിയെയും മക്കളെയും മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലാക്കി. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കള്‍ മൂവരെയും ചുനക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. നിഷയെ പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജില്ലാ ആശുപത്രിയിലെത്തി നിഷയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.

മാവേലിക്കര റെയില്‍വേ ലെവല്‍ക്രോസില്‍ വച്ച് ട്രെയിനിടിച്ച് തെറിച്ച് വീണാണ് നിഷയുടെ അച്ഛന്‍ കുഞ്ഞുമോന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതിനു ശേഷം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുന്‍കൈയെടുത്ത് 2012 ലാണ് നിഷയുടെ വിവാഹം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിച്ചതെന്ന് നിഷ പറഞ്ഞു.