രണ്ടാം വിവാഹത്തിന് വിസ്സമ്മതിച്ചു; യുവതിയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു

രാജസ്ഥാനില്‍ പുനര്‍ വിവാഹത്തിന് വിസ്സമ്മതിച്ച യുവതിയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചു. മുപ്പതുകാരിയായ വിധവയാണ് ബന്ധുക്കളുടെ ക്രൂരതയ്ക്കിരയായത്.

യുവതിയുടെ ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഇതിനു ശേഷം ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പലവട്ടം നിര്‍ബന്ധിച്ചെങ്കിലും യുവതി ഈ വിവാഹത്തിന് സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് മൂക്കും നാവും മുറിച്ചെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്.

രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് യുവതിയുടെ മൂക്കും നാവും മുറിച്ചതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ ജനുഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് ഓഫിസര്‍ പെഖാറന്‍ മൊത്തറാം പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുവതി ജോധ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.