ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി തിരികെ എത്തി, കാമുകന്‍ കലിപ്പ് തീര്‍ത്തത് ജീവനെടുത്ത്

ഭര്‍തൃമതിയായ യുവതിയെ കാമുകന്‍ കുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. റിസ്വാന എന്ന 26കാരി യുവതിയാണ് മരിച്ചത്. സംഭവത്തില്‍ കാമുകനായ ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വീട്ടില്‍ കയറി റിസ്വാനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് റിസ്വാനയുടെ വിവാഹം നടക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.

ആന്ധ്രപ്രദേശിലെ കടപ്പ പുലിവെണ്ടുലയിലാണ് സംഭവം. അനന്തപുര സ്വദേശിയ്യ റിസ്വാന കടപ്പ സ്വദേശിയെയാണ് വിവാഹം ചെയ്തിരരുന്നത്. വിവാഹത്തിന് മുമ്പ് അനന്തപുര എന്‍.കെ.കല്‍വ സ്വദേശിയായ ഹര്‍ഷവര്‍ധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും അടുക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്വാന ഹര്‍ഷവര്‍ധന്റെ കൂടെ ഒളിച്ചോടി.

ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഹര്‍ഷവര്‍ധനും റിസ്വാനയും ബംഗളൂരുവില്‍ ഉള്ളതായി വ്യക്തമായി. തുടര്‍ന്ന് റിസ്വാനയെ ബന്ധുക്കള്‍ അനുനയിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടു വന്നു. ഇതിന് പിന്നാലെയാണ് കാമുകന്‍ വീട്ടിലെത്തി യുവതിയെ കുത്തി കൊന്നത്.

ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയം ഹര്‍ഷ വര്‍ധന്‍ റിസ്വാനയുടെ വീടിന്റെ സമീപം എത്തി. വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.