ക്വാറന്റീന്‍ കഴിഞ്ഞ് എത്തിയിയപ്പോൾ ഭര്‍ത്താവും സ്വന്തം വീട്ടുകാരും യുവതിയെയും മക്കളെയും ഉപേക്ഷിച്ചു

കോട്ടയം: കോവിഡ് കാലമാണ് പലരുടെയും യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിത്തരുന്നത്. ഉറ്റവര്‍ എന്ന് കരുതുന്നവര്‍ കൈ വിടുമ്പോള്‍ സഹായത്തിനായി എത്തുക മനസില്‍ പോലും ചിന്തിക്കാത്തവരായിരിക്കും. ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നവരെ ആട്ടിപ്പായിക്കുന്ന പല സംഭവങ്ങളും പുറത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയത്തും ഉണ്ടായത്. ബംഗളൂരുവില്‍ നിന്നും എത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭര്‍തൃ വീട്ടിലോ കയറ്റാതെ വന്നതോടെ കലക്ട്രോറ്റില്‍ അഭയം തേടിയാണ് യുവതിയും മക്കളും എത്തിയത്.

14 ദിവസം ക്വാറന്റീന്‍ കഴിഞ്ഞിട്ടും സ്വന്തം വീട്ടുകാരോ ഭര്‍തൃവീട്ടുകാരോ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ വന്നതോടെ നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റില്‍ എത്തി അഭയം തേടുകയായിരുന്നു. രണ്ട് കുഞ്ഞുങ്ങളുമായി എട്ട് മണിക്കൂറോളം യുവതി അഭയം തേടി അലഞ്ഞു.

യുവതി ഒന്നര വര്‍ഷമായം ബംഗളൂരുവില്‍ നഴ്‌സിങ് ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ആഴ്ച മുമ്പാണ് കുട്ടികള്‍ക്കൊപ്പം കേരളത്തില്‍ എത്തിയത്. രണ്ട് ആഴ്ച പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഇന്നലെ രാവിലെ ഭര്‍ത്താവ് എത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും ഭ്രാര്യയെ വിളിച്ചുകൊണ്ട് പോന്നു. കുറുമുള്ളൂര്‍ വേദഗരിയിലുള്ള വീട്ടിലേക്ക് പോകേണ്ടതിന് പകരം യുവതിയുടെ കുറവിലങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിന് സമീപം യുവതിയെയും മക്കളെയും നിര്‍ത്തിയ ശേഷം ഇയാള്‍ മടങ്ങി പോയി.

വീട് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ യുവതി അമ്മയെ ഫോണില്‍ വിളിച്ചു. എന്നാല്‍ കിട്ടിയില്ല. തുടര്‍ന്ന് ബംഗളൂരുവിലുള്ള സഹോദരനെ ഫോണ്‍ ചെയ്തു. എന്നാല്‍ നാട്ടില്‍ പോലും കയറരുത് എന്നായിരുന്നു മറുപടി. എന്നാല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എത്തിയാല്‍ വീട്ടില്‍ താമസിപ്പിക്കാമെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു. ഒടുവില്‍ വീട്ടില്‍ കയറ്റില്ലെന്ന് മനസിലായതോടെ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണ്‍ ചെയ്യുകയും ഒടുവില്‍ അമ്മയും മക്കളും കളക്ട്രേറ്റില്‍ എത്തുകയുമായിരുന്നു.

സാന്ത്വനം ഡയറക്ടര്‍ ആനി ബാബു കലക്ടറെ കണ്ട ശേഷം യുവതിയുടെയും മക്കളുടെയും സ്ഥിതി ബോധ്യപ്പെടുത്തി. ഇതോടെ സാമൂഹ്യ ക്ഷേമ ഓഫീസറോടെ നടപടി എടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പോലീസുമായി ബന്ധപ്പെട്ട ശേഷം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാമെന്ന് പറഞ്ഞ് ഇവരും യുവതിയെയും മക്കളെയും കയ്യൊഴിഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ഒടുവില്‍ ആനി ബാബു ഇടപെട്ട് വൈകുന്നേരം അഞ്ച് മണിയോടെ താത്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലുള്ള കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.