സൗന്ദര്യത്തില്‍ ശ്രദ്ധ തിരിക്കും, മൂവര്‍ വനിത മോഷണ സംഘത്തിന്റെ കഥ കേട്ട് പോലീസ് പോലും ഞെട്ടി, വീട്ടമ്മയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറി താലിമാലയുമായി കടന്നു

ചാത്തന്നൂര്‍: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി കല്ലുവാതുക്കല്‍ എത്തി ഓട്ടോ വിളിച്ച് നടയ്ക്കലിലേക്ക് പോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെട്ടു. നടയ്ക്കല്‍ അടുതല പ്രദീപ് ഭവനില്‍ തങ്കമ്മയുടെ മാലയാണ് കഴിഞ്ഞ രണ്ടാം തീയതി നഷ്ടപ്പെട്ടത്. ഓട്ടോവിളിച്ച് നടയ്ക്കലിലേക്ക് പോകാന്‍ ആരേലും ഉണ്ടോ എന്ന് ചോദീച്ചപ്പോള്‍ ഒരു സ്ത്രീയും മറ്റൊരാളും ഓട്ടോയില്‍ കയറി. ഓട്ടോകൂലി ലാഭിക്കാമെല്ലോ എന്നായിരുന്നു കരുതിയത്. പനവേലില്‍ മുക്കില്‍ എത്തിയപ്പോള്‍ ഇരുവരും ഡ്രൈവര്‍ക്ക് 15 രൂപ നല്‍കി ഓട്ടോയില്‍ നിന്നുമിറങ്ങി. തങ്കമ്മ ഒടുവില്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് 3 പവന്റെ താലിമാല കാണാനില്ലെന്നറിഞ്ഞത്.

ന്നലെ 3 സ്ത്രീകള്‍ പോലീസ് പിടിയിലായതറിഞ്ഞു ചാത്തന്നൂര്‍ സ്റ്റേഷനില്‍ എത്തി ഇവരെ തങ്കമ്മ തിരിച്ചറിഞ്ഞു.’ മോഷണശ്രമത്തിനിടെ ശനി രാവിലെ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത് തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ്. ഇവരുടെ മോഷണ കഥകള്‍ അമ്പരപ്പിക്കുന്നവയാണ്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്.

ഒന്നര മാസമായി കേരളത്തില്‍ തങ്ങി തുടര്‍ച്ചയായി മോഷണം നടത്തി വരികയായിരുന്നു ഇവര്‍. പിന്നീട് തെങ്കാശിയിലേക്ക് മടങ്ങും. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് തിരികെ എത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും മൂവര്‍ സംഘം മോഷണം നടത്തിയെന്നാണ് നിഗമനം. ഇവര്‍ സ്ത്രീകളെ മാത്രമാണ് ഉന്നമിടുക.

ബസുകളിലും മറ്റും തിരക്ക് സൃഷ്ടിച്ച ശേഷം ബാഗില്‍ നിന്നും പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ മുങ്ങും. കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്‌സ് തട്ടാനുള്ള ശ്രമം ബസില്‍ ഉണ്ടായിരുന്ന ചാത്തന്നൂര്‍ സ്റ്റേഷനിലെ വനിതാ പോസീന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെയാണ് സംഘം പിടിയിലായത്. മോഷ്ടിക്കുന്ന സമയം ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല.

സംഘത്തിലെ ഗംഗാദേവി സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളിലെ സ്ഥിരം സന്ദര്‍ശകയാണ്. ഗംഗാദേവിയാണ് ആളുകളുടെ ശ്രദ്ധ തിരിക്കുക. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വിവരങ്ങള്‍ കേട്ട് പോലീസ് പോലും ഞെട്ടി. സംസ്ഥാനം ഒട്ടാകെ കവര്‍ച്ച നടത്തുന്ന സംഘത്തിലെ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കവര്‍ച്ചകള്‍ക്ക് തുമ്പ് ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

കോവിഡ് കാരണം ആളുകൂടുന്ന പരിപാടികള്‍ നിലച്ചതിനാല്‍ ഒരു വര്‍ഷമായി ഇവര്‍ കവര്‍ച്ചകള്‍ക്ക് അവധിയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒവിവായതോടെ കേരളത്തില്‍ വീണ്ടും ഇവര്‍ മോഷണവുമായി സജീവമായി. അന്നും സംഘം കേരളത്തില്‍ എത്തി കവര്‍ച്ചകള്‍ നടത്തിയെങ്കിലും ചിലര്‍ പിടിയിലായി. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങി. ബിന്ദുവിന്റെ പേരില്‍ കന്യാകുമാരിയില്‍ മാത്രം നാല്‍പതിലേറെ കേസുകള്‍ ഉണ്ട്.