ഭര്‍ത്താവ് മരിച്ചത് ഒരാഴ്ച മുമ്പ്, പുലര്‍ച്ചെ കാണാതായ യുവതി പാറക്കുളത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചിതിനു പിന്നാലെ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്‍റെ ഭാര്യ മിഥുനയെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച്‌ മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഭര്‍ത്താവിന്‍റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെയാണ്​ മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.