മകന്‍ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അമ്മ 24കാരനൊപ്പം ഒളിച്ചോടി എന്ന് ഫോര്‍വേഡ് മെസേജ്, പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്

കാസര്‍കോട്:സോഷ്യല്‍ മീഡിയകളില്‍ പലതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്.ഞൊടിയിണയില്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ പരക്കുകയും ചെയ്യും.എന്നാല്‍ ചിലപ്പോള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കുന്നത് ചില ജീവിതങ്ങള്‍ ആയിരിക്കും.വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ പോരാടുന്നവര്‍ ചുരുക്കമായിരിക്കും.ഇത്തരത്തില്‍ ഒരു സംഭവമാണ് കാസര്‍കോട് ഉണ്ടായത്.മകന്റെ ഫോണിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എത്തിയത് അമ്മ സ്വന്തം സ്ഥാപനത്തിലെ യുവാവിനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയായിരുന്നു.അതും ചിത്രം സഹിതം.ഒടുവില്‍ ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ വീട്ടമ്മ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

കാസര്‍കോട് സ്വദേശിനിയായ ഹേമലത എന്ന യുവതിക്കാണ് ഇൗ ദുരനുഭവം നേരിടേണ്ടി വന്നത്.സുഹൃത്തിന്റെ യാത്രയയപ്പിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം എടുത്ത് വാട്‌സ്ആപ്പ് കൂട്ടായ്മവഴി ഒളിച്ചോടി എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഒരാളെ ഹേമലത തന്നെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തു.സ്വന്തം മകനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അമ്മ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി എന്ന് ചിത്രം സഹിതം മെസേജ് എത്തിയത്.ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുകയാണ് ഹേമലത.ഇവിടെ ഒപ്പം ജോലി ചെയ്തിരുന്ന 24കാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.ബേക്കല്‍ പോലീസില്‍ ഹേമലത പരാതി നല്‍കിയിരുന്നു.എന്നാല്‍ വ്യക്തിഹത്യ ചെയ്തവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് പോലീസ് കൈ മലര്‍ത്തി.ഐടി ആക്ടിലെ 66(എ)സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് പോലീസ് കേസെടുക്കാന്‍ വൈകുന്നതിന് കാരണം.കോടതിയില്‍ പരാതി നല്‍കി കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഹേമലതയുടെ തീരുമാനം.