മകളെ വളര്‍ത്താനായി തൂത്തുക്കുടിയില്‍ സ്ത്രീ ആണ്‍വേഷം കെട്ടി ജീവിച്ചത് 30 കൊല്ലം

തമിഴ്‍നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ഒരു സ്ത്രീ ആണിന്റെ വേഷത്തില്‍ ജീവിച്ചത് 30 വര്‍ഷക്കാലം. സ്വന്തം മകളെ പോറ്റി വളര്‍ത്താനായിരുന്നു ഈ ജീവിതം അവര്‍ നയിച്ചത്. ആണ്‍തുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന അനുഭവങ്ങള്‍ ഒക്കെത്തന്നെയായിരുന്നു അവള്‍ക്കും ഉണ്ടായത്. ഒടുവില്‍ തന്റെ അനുഭവം തന്റെ മകള്‍ക്ക് ഉണ്ടാകരുതെന്ന് അവള്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ തൂത്തുക്കുടിയിലെ കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ മുത്തുവായി മാറി.

ഇരുപതാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് 15 ദിവസങ്ങള്‍ക്ക് ശേഷം ഹൃദയാഘാതം മൂലം അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു. അപ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെയും, അവളുടെയും ജീവിതം കണക്കിലെടുത്ത് വീട്ടുകാര്‍ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാല്‍, അവള്‍ അതിന് കൂട്ടാക്കിയില്ല. അവള്‍ കുഞ്ഞിനെ പോറ്റാനായി ജോലി അന്വേഷിച്ചിറങ്ങി. പലയിടത്തും ജോലി നോക്കിയ അവളെ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യാനൊരുമ്ബെട്ടു.

മകളെ ഒറ്റയ്‌ക്ക് വളര്‍ത്തുന്നതിനായി ആ സ്ത്രീ ഒരുപാട് കഷ്ടതകള്‍ സഹിച്ചു. ഒടുവില്‍ മറ്റ് ഗതിയില്ലാതെ, 27 -ാമത്തെ വയസ്സില്‍ അവള്‍ ഒരു ആണായി മാറാന്‍ തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്ബായിരുന്നു അത്. അവള്‍ തന്റെ നീളമുള്ള മുടി മുറിച്ചു, ആണിനെപ്പോലെ തോന്നിപ്പിക്കാന്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചു, മുത്തുവായി മാറി. പിന്നീട് ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും, ചായക്കടകളിലും ജോലി ചെയ്തു. ജോലി ചെയ്യുന്നിടത്തെല്ലാം അവളെ ‘അണ്ണാച്ചി’ എന്നാണ് വിളിച്ചിരുന്നത്. പൊറോട്ട അടിക്കാനും, ചായ ഉണ്ടാക്കാനും ഒക്കെ തുടങ്ങിയതോടെ മുത്തു പതുക്കെ മുത്തു മാസ്റ്ററായി.

പൊറോട്ട അടിച്ചും, പെയിന്റ് പണിയ്ക്ക് പോയും, ചായക്കടയില്‍ ജോലി ചെയ്തും അവള്‍ തന്റെ മകളെ വളര്‍ത്തി. തന്റെ സമ്ബാദ്യത്തില്‍ നിന്ന് മിച്ചം പിടിച്ച്‌ മകളുടെ വിവാഹവും നടത്തി. അമ്മ സഹിച്ച ത്യാഗങ്ങള്‍ എല്ലാം മകള്‍ക്ക് അറിയാമായിരുന്നു. മകളെ വളര്‍ത്താന്‍ വേണ്ടി ഒരു പുരുഷന്റെ വേഷം കെട്ടേണ്ടിവന്നതില്‍ തനിക്ക് ഖേദമില്ലെന്ന് അവള്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ ജീവിക്കുന്ന രീതിയില്‍ താന്‍ സംതൃപ്തയാണെന്നും തന്റെ മരണശേഷവും മുത്തുവായി ഓര്‍മ്മിക്കപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും അവള്‍ പറയുന്നു.

മകള്‍ ഒഴികെ ഗ്രാമത്തില്‍ മറ്റാര്‍ക്കും മുത്തു യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയാണെന്ന് അറിയുമായിരുന്നില്ല. ഇത്രയും വര്‍ഷം അവള്‍ക്ക് അത് ഒരു രഹസ്യമായി കൊണ്ടുനടക്കാന്‍ സാധിച്ചു. എന്നാല്‍, ഇപ്പോള്‍ വയസ്സ് 57 ആയി. പഴയപോലെ പണിയ്‌ക്കൊന്നും പോകാന്‍ സാധിക്കുന്നില്ല.

തമിഴ്‌നാട്ടിലെ വിധവാ പെന്‍ഷന് അപേക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയുന്നില്ല. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് അവളുടെ പക്കലില്ല. കൂടാതെ, മുത്തു എന്ന പേരിലാണ് അവളുടെ ആധാര്‍ കാര്‍ഡും, മറ്റെല്ലാ രേഖകളും. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന ഈ സത്യം അവള്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ദുരവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ സഹായവുമായി മുന്നോട്ട് വരുമെന്ന വിശ്വാസത്തിലാണ് പേച്ചിയമ്മാള്‍.