മകനെ കിട്ടാന്‍ പാതിര വരെ യുവതിയുടെ നില്‍പ് സമരം, ഗത്യന്തരമില്ലാതെ വഴങ്ങി പോലീസ്

മാന്നാര്‍: നാല് വയസുള്ള തന്റെ മകനെ തിരികെ കിട്ടാനായി പോലീസ് സ്റ്റേഷന് മുന്നില്‍ പാതിരാ വരെ യുവതിയുടെ സമരം. ഒടുവില്‍ പോലീസ് ഇടപെടലില്‍ കുഞ്ഞിനെ തിരികെ യുവിക്ക് കിട്ടി.

ബുധനൂര്‍ തയ്യൂര്‍ ആനന്ദഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന 26കാരിയായ സ്‌നേഹയാണ് തന്റെ മകന്‍ അശ്വിനായി മാന്നാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്. സ്‌നേഹ ക്രിസ്മസ് ദിനത്തില്‍ രാവിലെ മുതല്‍ സ്റ്റേഷന് മുന്നില്‍ നില്‍ക്കുകയായിരുന്നു. പോലീസ് ഇടപെട്ട് കുട്ടിയെ തിരികെ ലഭിച്ചതോടെയാണ് യുവതി സമരം അവസാനിപ്പിച്ചത്.

2014ല്‍ ആയിരുന്നു ബുധനൂര്‍ കോടഞ്ചിറ മനോജ് ഭവനത്തില്‍ സുനിലുമായുള്ള സ്‌നേഹയുടെ രജിസ്റ്റര്‍ വിവാഹം. ആദ്യ കുഞ്ഞ് ഗര്‍ഭസ്ഥശിശു ആയിരിക്കെ മരിച്ചു. പിന്നീട് ആണ് അശ്വിന്‍ ജനിക്കുന്നത്. അശ്വിന്റെ ജനനത്തിന് പിന്നാലെ സ്‌നേഹയുടെ ഭര്‍ത്താവ് സുനില്‍ വിദേശത്ത് ജോലിക്കായി പോയി.

പിന്നീട് സ്‌നേഹ അടൂര്‍ കെഎസ്ആര്‍ടിസിയില്‍ കോവിഡ് വളന്റിയറായി സേവനം അനുഷ്ഠിക്കാന്‍ തുടങ്ങി. ഇതോടെ കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോയി, ഭര്‍ത്താവിനോട് അടക്കം തന്നെ പറ്റി അപവാദം പറഞ്ഞ് പ്രചരിപ്പിച്ചു. പിന്നീട് കുഞ്ഞിനെ കാണാന്‍ പോലും അനുവദിച്ചില്ല.-സ്‌നേഹ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് 2020 ജൂണില്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയെ സ്‌നേഹ നീതി തേടി സമീപിച്ചു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ഇരുകൂട്ടരെയും മാന്നാര്‍ സിഐ ഒത്തുതീര്‍പ്പിന് വിളിപ്പിച്ചു. രണ്ട് മാസം കഴിഞ്ഞ് ഭര്‍ത്താവ് എത്തുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞ് വിട്ടു.

കുട്ടിയെ തിരികെ കിട്ടാതെ താന്‍ പോകില്ലെന്ന് യുവതി വ്യക്തമാക്കുകയും ശനിയാഴ്ച സ്റ്റേഷന് പുറത്ത് നിലയുറപ്പിക്കുകയും ചെയ്തു. ഒടുവില്‍ മറ്റ് വഴികളില്ലാതെ മാന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി 11 മണിയോടെ സാനേഹയെയും കൂട്ടി ഭര്‍തൃവീട്ടില്‍ എത്തുകയും മകനെ വീണ്ടെടുത്ത് വ്യവസ്ഥകളോടെ കൈമാറുകയും ചെയ്തു.