ലോകത്തെ മികച്ച കമ്പനികളിൽ 20 എണ്ണം ഇന്ത്യയിൽ; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ അംബാനി

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ 20 എണ്ണം ഇന്ത്യയിൽ നിന്നും. ഇവിടെയും ഇഞ്ചോടിച്ച് മത്സരിച്ച് അദാനി- അംബാനി കമ്പനികൾ.അദാനിയുടെ നാല് കമ്പനികൾ ഉൾപ്പെട്ടിട്ടും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ അംബാനി. ഹുറുൺ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് വെള്ളിയാഴ്ച പുറത്തിറക്കിയ 2022ലെ ഹുറൺ ഗ്ലോബൽ 500 റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടം എടുത്ത് പറയുന്നത്. ഇതോടെ യുഎസ്, ചൈന, ജപ്പാൻ, യുകെ എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.

ലോകത്തിലെ മൂല്യവത്തായ 500 കമ്പനികളുടെ വിവരങ്ങളാണ് ഈ പട്ടികയിലുള്ളത്. പട്ടികയിലെ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഈ വർഷം നാല് റാങ്കുകൾ ഉയർത്തിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്.202 ബില്യൺ ഡോളർ മൂല്യമുള്ള മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ആഗോളതലത്തിൽ 34ാം സ്ഥാനത്താണ് അംബാനിയുടെ കമ്പനി.

139 ബില്യൺ ഡോളർ മൂല്യമുള്ള രാജ്യത്തെ ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആദ്യ 100ൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ ഇതുരണ്ടുമാണ്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് (97 ബില്യൺ ഡോളർ) മൂല്യമുള്ള രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി. അതേസമയം ലോക സമ്പന്നൻമാരുടെ പട്ടികയിൽ ആദ്യനിരയിലുള്ള അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികളാണവ.

അമേരിക്കൻ കമ്പനികളാണ് ലോകത്തിലെ മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ആദ്യമുള്ളത്. യുഎസ് ടെക് ഭീമനായ ആപ്പിൾ ആഗോളതലത്തിൽ 2.4 ട്രില്യൺ ഡോളർ മൂല്യമുള്ള ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. 1.8 ട്രില്യൺ ഡോളറുള്ള മൈക്രോസോഫ്റ്റാണ് തൊട്ടുപിന്നിൽ. ആൽഫബെറ്റ് (1.3 ട്രില്യൺ ഡോളർ), ആമസോൺ (1.2 ട്രില്യൺ ഡോളർ), ടെസ്ല (672 ബില്യൺ ഡോളർ) എന്നിവയാണ് ഏറ്റവും മൂല്യമുള്ള 5 കമ്പനികളിൽ മറ്റ് മൂന്ന്പേർ. ബെർക്ഷയർ ഹാത്വേ, ജോൺസൺ ആൻഡ് ജോൺസൺ, എക്സോൺ മൊബിൽ തുടങ്ങിയ ഭീമൻമാരാണ് ലോകമെമ്പാടുമുള്ള ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് കമ്പനികൾ.

2.03 ട്രില്യൺ ഡോളർ മൂല്യമുള്ള സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റേറ്റ് നിയന്ത്രിത കമ്പനി. ഇന്ത്യയിൽ, ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( 62 ബില്യൺ ഡോളർ) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (45 ബില്യൺ ഡോളർ)യുമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇന്ത്യൻ കമ്പനികൾ. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ ഓഹരി വിലയിലുണ്ടായ ഇടിവ് കാരണം ലോകത്തിലെ മികച്ച 500 കമ്പനികൾക്ക് കഴിഞ്ഞ വർഷം അവരുടെ മൂല്യത്തിന്റെ 11.1 ട്രില്യൺ ഡോളർ നഷ്ടപ്പെട്ടു. 2021ൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് മീഡിയ, എന്റർപ്രൈസസ് മേഖലയ്ക്കാണ്.