Home Business കഴിക്കാൻ നൽകിയ കുഴിമന്തിയിൽ പുഴു, ഫ്രീസർ തുറന്നപ്പോൾ ഉദ്യോ​ഗസ്ഥർ കണ്ടത് പുഴുവരിച്ച ചിക്കനും ഷവർമയും

കഴിക്കാൻ നൽകിയ കുഴിമന്തിയിൽ പുഴു, ഫ്രീസർ തുറന്നപ്പോൾ ഉദ്യോ​ഗസ്ഥർ കണ്ടത് പുഴുവരിച്ച ചിക്കനും ഷവർമയും

പത്തനംതിട്ട : കടയിൽ നിന്ന് കഴിക്കാനായി നൽകിയ കുഴിമന്തിയിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി.
പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥർ ഫ്രീസർ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പത്തനംതിട്ട അടൂർ ​ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിലാണ് സംഭവം.

ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസർ തുറന്നപ്പോൾ ഹോട്ടലിൽ എത്തുന്നവർക്ക് നൽകാനായി സൂക്ഷിച്ച ചിക്കനിലും ഷവർമയിലുമൊക്കെയാണ് പുഴുക്കൾ പെറ്റുപെരുകിയിരിക്കുന്ന കാഴ്ചയാണ് ഉദ്യോഗസ്ഥർ കണ്ടത്. പുഴുവരിച്ച നിലയിലുള്ള കോഴിയിറച്ചിയും ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തി ഉദ്യോഗസ്ഥർ നടപടിയെടുത്തു.

പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പൂർണമായും നശിപ്പിച്ചു. ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടൽ ഉടമയ്ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി.