സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കി മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻഖാന് വൈ പ്ലസ് സുരക്ഷയേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
നടന് നേരെയുണ്ടായ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മുൻപ് അനുപംഖേർ, അക്ഷയ് കുമാർ തുടങ്ങിയവർക്ക് മുംബൈ പോലീസ് എക്സ് സുരക്ഷയായിരുന്നു. പോലീസ് സുരക്ഷകൂടാതെ സൽമാനുചുറ്റും അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാഭടന്മാരുമുണ്ടാകും. അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ ഭീഷണിയാണ് സൽമാൻഖാന് നേരെ ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായിലാണ് സൽമാൻ ഖാന്‌ വധഭീഷണിയുണ്ടായത്.

കാലത്ത് നടക്കാൻപോകുന്നതിനിടയിൽ സൽമാന്റെ പിതാവ് സലിം ഖാനാണ് തങ്ങളുടെ വസതിക്കുസമീപമായി ചെറിയ കടലാസിൽ കുറിപ്പ് കണ്ടെത്തിയത്. മൂസാവാലയുടെ വിധി നിങ്ങൾക്കുമുണ്ടാകും എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. താഴെ ജി.ബി. എന്നും എൽ.ബി. എന്നും എഴുതിയിരുന്നു. ഇതോടെ നടന്റെ സുരക്ഷാ വർധിപ്പിക്കുകയും ചെയ്തു. 12 പോലീസുകാരും കമാൻഡോകളും അടങ്ങിയതാണ് വൈ പ്ലസ് സുരക്ഷ.

എൽ.ബി. എന്ന് ഉദ്ദേശിച്ചത് ലോറൻസ് ബിഷ്ണോയ് എന്നും ജി.ബി. എന്ന് ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ കാനഡയിലുള്ള സഹായി ഗോൾഡി ബ്രാർ ആണെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. ലോറൻസ് ബിഷ്ണോയ് ഭീഷണിക്കത്തിന്റെ കാര്യം നിഷേധിച്ചിട്ടുണ്ട്. എന്നാൽ താരത്തെ വധിക്കുമെന്ന് വർഷങ്ങൾക്കുമുമ്പ് ലോറൻസ് പറഞ്ഞിരുന്നു.