പോലീസിനോടുള്ള പ്രതിഷേധം നൈറ്റി ധരിച്ച്, ഒടുവില്‍ എല്ലാ പ്രതിഷേധവും അവസാനിപ്പിച്ച് യഹിയ യാത്രയായി

കൊല്ലം: താന്‍ ധരിക്കുന്ന വേഷം തന്നെ പ്രതിഷേധമാക്കി ജീവിത്ത കുമ്മിള്‍ മുക്കുന്നം ആര്‍എംഎസ് തട്ടുകട ഉടമയായ പുതുക്കോട് റുക്‌സാന മന്‍സലില്‍ യഹിയ അന്തരിച്ചു. 80 വയസായിരുന്നു. മുണ്ട് മടക്കി കുത്തിയത് അഴിച്ചില്ലെന്ന് പറഞ്ഞ് എസ്‌ഐയുടെ അടിയേറ്റതിനെ തുടര്‍ന്ന് ആയിരുന്നു യഹിയ നൈറ്റി വേഷമാക്കി പ്രതിഷേധിച്ചത്. മുണ്ടും ഷര്‍ട്ടും മാറ്റി പിന്നീട് വേഷം നൈറ്റി ആക്കുകയായിരുന്നു. മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ വേഷം നൈറ്റിയായിരുന്നു.

പ്രായാധിക്യവും അസുഖങ്ങളും യഹിയയെ അലട്ടിയിരുന്നു. അവശനായ അദ്ദേഹത്തെ ഞായറാഴ്ച രാവിലെ മകളുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ കാലം വിദേശത്ത് ആയിരുന്നെങ്കിലും ദുരിത ജീവിതമായിരുന്നു. ഒടുവില്‍ നാട്ടില്‍ തിരികെ എത്തി ചായക്കട നടത്തുകയായിരുന്നു.

യഹിയയുടെ പ്രതിഷേധത്തിന് മറ്റൊരു കാരണമായത് നോട്ട് നിരോധനമായിരുന്നു. മുണ്ടും ഷര്‍ട്ടും മാറ്റി നൈറ്റി ജീവിതവേഷമാക്കി മാറ്റിയ യഹിയ ‘മാക്‌സി മാമ’ എന്നാണ് നാട്ടില്‍ അറിയപ്പെട്ടത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന 23,000 രൂപ മാറ്റിയെടുക്കാന്‍ ബാങ്കില്‍ ക്യൂ നിന്നതിനെ തുടര്‍ന്ന് അദ്ദേഹം തളര്‍ന്നു വീണിരുന്നു. ഒടുവില്‍ നോട്ട് മാറിയെടുക്കാനാവാഞ്ഞതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ പണം കത്തിച്ച് കളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

നോട്ട് കത്തിച്ചു കളഞ്ഞ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ചായക്കടക്കാരന്റെ മന്‍കീ ബാത്ത് എന്ന പേരില്‍ യഹിയയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയും ശ്രദ്ധേയമായിരുന്നു. യഹിയയുടെ ജീവിതത്തിന് മാത്രമായിരുന്നില്ല പ്രത്യേകത. അദ്ദേഹം നടത്തി പോന്ന തട്ടുകടയും വ്യത്യസ്തമായിരുന്നു. ഭക്ഷണം ബാക്കി വെച്ചാല്‍ ഫൈന്‍ ഈടാക്കും. ചിക്കന്‍ കറിയും പൊറോട്ടയും വാങ്ങുന്നവര്‍ക്ക് ദോശയും ചിക്കന്‍ ഫ്രൈയും ഫ്രീയായി നല്‍കും.