ഇലക്ഷന്‍ കാലത്ത് ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരഞ്ഞത് മോദിയുടെ പേര്; റിപ്പോര്‍ട്ടുമായി യാഹു ഇന്ത്യ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യാഹൂ ഇന്ത്യയുടെ പോള്‍ സെര്‍ച്ച് ട്രെന്റ്സ് പ്രകാരമുള്ള കണക്കാണിത്.

തിങ്കളാഴ്ചയാണ് യാഹു ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് പട്ടികയില്‍ നാലാം സ്ഥാനം. മുന്‍ ക്രിക്കറ്റ് താരവും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ നവ്ജ്യോത് സിംഗ് സിദ്ദുവാണ് അഞ്ചാം സ്ഥാനത്ത്.

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മുന്‍ കോണ്‍ഗ്രസ് വക്താവും അടുത്തിടെ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്ന പ്രിയങ്ക ചതുര്‍വേദി, കനയ്യ കുമാര്‍, ഗൗതം ഗംഭീര്‍, ഊര്‍മ്മിള മതോണ്ട്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2019ലെ പൊതു തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ഈ പട്ടിക ക്രമീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് 2019, വോട്ടര്‍ ഐഡി എന്നിവയും സെര്‍ച്ചിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ട് വിഷയങ്ങളാണ്.