അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; ഇന്നലെ റോഡില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ കൈത്താങ്ങ്

അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്. ജോലി തേടി നഗരത്തില്‍ എത്തിയതായിരുന്നു യദുലാല്‍. മകന്റെ വിയോഗം അറിഞ്ഞപ്പാടെ അമ്മ അവിടെ തളര്‍ന്നുവീണു. യദുവിന്റെ അച്ഛന് തുച്ഛമായ വരുമാനമുള്ള തയ്യല്‍ ജോലിയാണ്. സഹോദരന്‍ പഠനം തുടരുകയാണ്. യദു ഓണ്‍ലൈന്‍ ഭക്ഷണ വില്‍പനയടക്കം വിവിധ ജോലികള്‍ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.

ഇന്നലെ വൈകുന്നേരമാണ് പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീ്ണ് യതുവിന്റെ ജീവന്‍ നഷ്ടമാകുന്നത്. ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.

മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്. സഹായമില്ലെങ്കില്‍ കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയടക്കം മുടങ്ങും. പോലീസ് അന്വേഷിച്ച് യദുവിന്റെ മരണത്തെ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു.

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ട് മാത്രമാണ് യദുവിന്റെ കുടുബത്തിന്റെയൊന്നാകെ വഴിയടഞ്ഞത്. ഇവര്‍ക്ക് എന്തെങ്കിലും സഹായം കിട്ടിയേ തീരുവെന്ന് ബന്ധുമിത്രങ്ങള്‍ പറയുന്നു. സെക്ഷന്‍ 174 പ്രകാരം അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തതാണ്. എന്നാല്‍ അത് പോരെന്നും അന്വേഷണത്തിനൊടുവില്‍ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ അപേക്ഷിച്ചു.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അഥോറിറ്റി മാനേജിങ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

സംഭവം ജലസേചന വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം എട്ടുമാസം മുമ്ബാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് ജല അഥോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎല്‍എ പ്രതികരിച്ചു. വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

അതേസമയം, കുഴി അടയ്ക്കാതിരുന്നത് സംബന്ധിച്ച് വകുപ്പുകള്‍ പരസ്പരം പഴി ചാരുകയാണ്. പൊതുമരാമത്ത് വകുപ്പ് പണം നല്‍കാത്തതിനാലാണ് അറ്റകുറ്റ പണികള്‍ നടത്താത്തത് എന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് കടവന്ത്രയില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവമുണ്ടായത്. മാസങ്ങള്‍ക്ക് മുമ്ബ് കാക്കനാടും ഒരാള്‍ മരിച്ചിരുന്നു.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ചെറിയ കുഴിയായിരുന്ന ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് കുഴിയുടെ രൂപം മാറി. എന്നാല്‍ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടര്‍ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇക്കാര്യത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഇരുചക്ര വാഹന യാത്രക്കാര്‍ക്കുണ്ട്.

വലിയരീതിയില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുന്ന സ്ഥലമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള റോഡ്. ഇവിടെ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തില്‍ കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.