പതിവ് മുഖങ്ങള്‍ മാറണം’; കെ വി തോമസിനെതിരെ ഒളിയമ്പുമായി യുവനേതാക്കള്‍

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ സിറ്റിംഗ് എംപി കെ വി തോമസിനെതിരെ ഒളിയമ്പുമായി യുവ കോൺഗ്രസ് നേതാക്കൾ. പതിവ് മുഖങ്ങൾ യുവാക്കൾക്കായി മാറി നിൽക്കണമെന്നും തലമുറമാറ്റം ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു കുഴൽനാടൻ തുറന്നടിച്ചു.

1984 മുതൽ ആറ് വട്ടം ലോക്സഭയിലേക്ക് മത്സരിച്ച കെ വി തോമസ് വീണ്ടുമൊരു അംഗത്തിന് തയ്യറാടുക്കുന്നതിനിടയിലാണ് യുവ നേതാക്കൾ രംഗത്തെത്തുന്നത്. കെ വി തോമസിന്‍റെ പേര് പറയാതെ സ്ഥിരം മുഖങ്ങൾ സ്വയം മാറി നിൽക്കണമെന്നാണ് ആവശ്യമാണ് ഇവർ ശകതമാക്കുന്നത്.

കോൺഗ്രസ്സിന് ശക്തിയുള്ള എറണാകുളം പോലുള്ള മണ്ഡലത്തിൽ അടക്കം യുവ സ്ഥാനാർത്ഥികൾക്ക് യാതൊരു ക്ഷാമവുമില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് കെ വി തോമസ് എറണാകുളത്ത് സജീവമാണ്.

ദേശീയ നേതൃത്വവുമായുള്ള അടുപ്പവും അദ്ദേഹത്തിന് ഗുണകരമാകും. എന്നാൽ, എല്ലാ തെരഞ്ഞെടുപ്പിലും യുവാക്കളെ പരിഗണിക്കുന്നെന്ന് ആദ്യം പറയുകയും പിന്നീട് തീരുമാനം മാറ്റുകയും ചെയ്യുന്ന പതിവ് സമ്മർദ്ദങ്ങൾ ഇത്തവണ ഉണ്ടാകരുതെന്നും യുവ നേതാക്കൾ ആവശ്യപ്പെടുന്നു. കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനൊപ്പം സ്ഥാനമാനങ്ങൾക്കായി കളമൊഴിയാൻ തയ്യാറാകാത്ത തലമുതിർന്നവരെയും പാർട്ടി നിയന്ത്രിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.