യുവതിയും ആറ് വയസുകാരി മകളും ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരകളായി.

 

ഹരിദ്വാറിൽ തീർത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സം​ഗത്തിനിരകളായി. ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിൽ ഞായറാഴ്ച രാത്രിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

വാഹനങ്ങളൊന്നും കിട്ടാതെ രാത്രിയിൽ വഴിയരികില്‍ നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണു ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത്. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും അപ്പോൾ കാറില്‍ ഉണ്ടായിരുന്നു.

യാത്രയ്ക്കിടെ യുവതിയെയും ആറ് വയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയ ശേഷം ഇരുവരേയും കനാലിനു സമീപം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തി യുവതി തനിക്കുണ്ടായ ദുരനുഭവം അറിയിക്കുകയാണ് ഉണ്ടായത്.

വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിയാവുന്നത്. കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയില്ല. ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. ഇരുവരെയും റൂര്‍ക്കിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞിട്ടുണ്ട്.