ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, പ്രതികാരം തീർക്കാൻ യുവതിയെ വീട്ടില്‍ കയറി കൊല്ലാൻ ശ്രമം; പ്രതിയെ പിടികൂടി

കൊല്ലം കിഴക്കേനടയിൽ കത്തിയുമായി വീട്ടിലെത്തി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവിള സ്വദേശി ജിജോ (27 വയസ്സ്) ആണ് അറസ്റ്റിലായത്. ജിജോ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കാതായപ്പോൾ യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ഭർത്താവിനോട് ഇക്കാര്യം പറഞ്ഞതിനാൽ പ്രകോപിതനായ പ്രതി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്നക്കാരനാണെന്ന് പോലീസ് പറയുന്നു.