വിവാഹിതയാണെന്നറിയാതെ യുവതിയുമായി പ്രണയം, ഭര്‍ത്താവ് അറിഞ്ഞതോടെ യുവതി കാലുമാറി, തെയ്യം കലാകാരന് സംഭവിച്ചത്

വിവാഹിതയാണെന്നറിയാതെ യുവതിയെ പ്രണയിച്ച തെയ്യം കലാകാരന് ലഭിച്ചത് എട്ടിന്റെ പണി. തൃക്കരിപ്പൂര്‍ ഒളവറ മാമാവിലങ്ങാട് കോളനിയിലെ വി.സുശീല്‍കുമാര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് യുവതിയെ പ്രണയിച്ചത്. ഭർത്താവ് വിവരമറിഞ്ഞതോടെ യുവതി കാലും മാറി. സുശീൽ കുമാറിനെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട്, വായില്‍ ചകിരി തിരുകി മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്തത്. കസേരയില്‍ കൈയും കാലും കെട്ടിയിട്ടശേഷം വായില്‍ ചകിരി തിരുകി മരക്കട്ടകൊണ്ട് ഇടിച്ചു.

പിന്നീട് കാറില്‍ കയറ്റി തൃക്കരിപ്പൂര്‍ ഒളവറയിലെ തന്‍റെ വീട്ടില്‍ കൊണ്ടുതള്ളുകയുമായിരുന്നുവെന്നാണ് യുവാവ് പോലിസിൽ പരാതി നൽകിയത്. ബൈക്കിലും കാറിലുമായി എത്തിയ പത്തോളം വരുന്ന സംഘം നീലേശ്വരം കൊട്രച്ചാല്‍ കോളനിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സുശീല്‍കുമാര്‍ പറയുന്നു.

യുവാവിനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുശീല്‍കുമാറിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടേ സുശീല്‍കുമാര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയതോടെ യുവാവ് കുടുക്കിലായി. പലനാളായി തന്നെ പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. ഇതേതുടര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവതിയും സുശീല്‍ കുമാറും പ്രണയത്തില്‍ ആയിരുന്നെന്നാണ് വാദം. വിവാഹിതയായിരുന്നുവെന്ന് അറിയാതെയാണ് സുശീല്‍കുമാര്‍ പ്രണയിച്ചതെന്ന് പോലീസ് പറയുന്നു. ഈവിവരം അറിഞ്ഞ ഭര്‍ത്താവ് വാടക ക്വാട്ടേഴ്‌സിലെക്ക് കൊണ്ടുപോയി തല്ലുകയായിരുന്നു. സംഭവമറിഞ്ഞ ശേഷമാണ് യുവതി പീഡന പരാതി നല്‍കിയത്. ഇരുകേസുകളിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.