യുവാക്കളെ ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു; കൊല്ലത്തു നിന്നും വീണ്ടും ഗുണ്ടാ ആക്രമണ കേസ്

സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കൊല്ലത്ത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയ നിലയില്‍ കണ്ടെത്തി. വിളക്കുടി പാപ്പാരംകോട് നൗഫി മന്‍സിലില്‍ നൗഫല്‍ (38), ബന്ധു ആര്യങ്കാവ് സ്വദേശി സിദ്ദിഖ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ക്രൂര മര്‍ദ്ദനത്തിന് ശേഷം ഇരുവരേയും ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ച് അക്രമിയുടെ വീട്ടില്‍ കൊണ്ടിട്ടു. ഇവരെ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്നാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മര്‍ദ്ദനത്തില്‍ സിദ്ദിഖിന്റെ കൈപ്പത്തി ഒടിഞ്ഞു തൂങ്ങി. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. ദേഹം മുഴുവനും പരിക്കും.

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുന്നിക്കോട് സ്വദേശി ചിമ്പു എന്ന മാര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

നൗഫലിന്റെ ബന്ധുവിന്റെ മകളുടെ വിവാഹച്ചടങ്ങിനിടെ മാര്‍ഷലിന് മര്‍ദനമേറ്റിരുന്നതായും ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് നൗഫലിനെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. ചെറിയ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവരും ക്രൂരമര്‍ദ്ദനത്തിനിരയായതെന്നും പൊലീസ് പറയുന്നു