അഭിരാജും അമ്പാടിയും ഒന്നിച്ചുപഠിച്ചു, തൊഴില്‍ തേടി, മരണത്തിലും കൈകോര്‍ത്തു

ചെങ്ങന്നൂർ: നിയന്ത്രണംവിട്ട ബൈക്ക് കാറിനിടിയിൽപ്പെട്ട് തൊഴിൽമേളയ്ക്കെത്തിയ രണ്ട് യുവാക്കൾ മരിച്ചു. മുളക്കുഴ കാരയ്ക്കാട് ഇടത്തിലേത്ത് ജനി ഭവനിൽ എം കെ ജയൻ- സ്മിത ദമ്പതികളുടെ മകൻ അമ്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ ശ്രീരാഗത്തിൽ ഭാസിയുടെ മകൻ അഭിരാജ് (19) എന്നിവരാണ് മരിച്ചത്. എം സി റോഡിൽ അരമനപ്പടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

ഇന്നലെ രാവിലെ ഗവ.ഐ ടി. ഐ യിൽ നടന്ന സ്‌പെക്ട്രം 2020 തൊഴിൽ മേളയ്ക്കെത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ വർഷം ഐ.ടി.ഐയിൽ ഇലക്ട്രിക്കൽ സെക്ഷനിൽ പഠിച്ചതാണ് ഇവർ. മേളയ്ക്ക് ശേഷം അഭിരാജിനെ ചെങ്ങന്നൂർ കെ.എസ് ആർ ടി സി ഡിപ്പോയിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം.ഇവർസഞ്ചരിച്ച ബൈക്ക് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കിന്റെ ഹാന്റിൽ തട്ടി നിയന്ത്രണംതെറ്റി കാറിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പഠിച്ചിറങ്ങി ഒരുവര്‍ഷത്തിനിടെ പല തൊഴിലവസരങ്ങളും തേടിയെത്തിയെങ്കിലും മെച്ചപ്പെട്ട ശമ്ബളമുള്ള ജോലിക്കായി കാത്തിരുന്നു. ഒടുവില്‍ ആശിച്ചപോലെ ജോലിക്കുള്ള യോഗ്യതയും ഒന്നിച്ചുനേടി. പക്ഷേ, നിമിഷങ്ങള്‍ക്കകം അവരെ കാത്തിരുന്നത് മരണമായിരുന്നു.

സഹപാഠികള്‍ എന്നതിനേക്കാളുപരി ഇരുവര്‍ക്കും സമാന അഭിരുചികളായിരുന്നു. രാഷ്ട്രീയത്തിലും സമൂഹികസേവനത്തിലുമൊക്കെ തോള്‍ചേര്‍ന്നുള്ള പ്രവര്‍ത്തനം. എസ്.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇരുവരും ഗവ. ഐ.ടി.ഐ. യൂണിറ്റ് കമ്മിറ്റി അംഗങ്ങളായിരുന്നു. ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലായാലും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സമരങ്ങളിലും ഇരുവരും ഒന്നിച്ചു.

യാത്രകളായിരുന്നു രണ്ടുപേര്‍ക്കും ഒരേപോലെ താത്‌പര്യമുള്ള മേഖല. ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ ഇരുവരുടെയും വാഹനങ്ങളോടും യാത്രയോടുമുള്ള പ്രണയം തിരിച്ചറിയാം. ഏറെ ആശിച്ചാണ് ഇഷ്ടപ്പെട്ട ബൈക്ക് അമ്ബാടി ഏതാണ്ട് ഒരുവര്‍ഷം മുമ്ബ് സ്വന്തമാക്കിയത്. പലയിടത്തും ഇരുവരും ഒന്നിച്ച്‌ യാത്രപോയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഒടുവില്‍ ഏറെ സ്നേഹിച്ച ബൈക്കുയാത്രയ്ക്കിടെ തന്നെ ഇരുവരുടെയും അന്ത്യവും സംഭവിച്ചു.