യൂട്യൂബറുടെ പിറന്നാൾ ആഘോഷം അതിരു വിട്ടു, കാറിന് മുകളിൽ അഭ്യാസ പ്രകടനം, അറസ്റ്റ്

ന്യൂഡൽഹി . രാജ്യ തലസ്ഥാനത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി കാറിന്റെ മുകളിൽ കയറിനിന്ന് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബർ അറസ്റ്റിലായി. പ്രിൻസ് ദീക്ഷിത് എന്ന യൂട്യൂബറെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം നവംബർ 16നാണ് സംഭവത്തിലാണ് അറസ്റ്റ്.

പ്രിൻസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി സുഹൃത്തുക്കളോടൊപ്പം അപകടകരമായ തരത്തിൽ കാറിന് മുകളിൽ നിന്ന് യാത്ര ചെയ്‌തുവെന്നാണ് കേസ്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. പൻദാവ് ന​ഗറിന് സമീപം എൻഎച്ച് 24 റോഡിൽ വെച്ചാണ് വിഡിയോ എടുത്തത്. കേസിൽ പ്രിൻസ് ദീക്ഷിത്തിനെ മാത്രമാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതായാണ് പോലീസ് പറയുന്നത്. ഇവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പിറന്നാൾ ആഘോഷിക്കുന്നതിനായി ഷേഖർപൂരിലേക്ക് പോകുന്നതിനിടെയാണ് വിഡിയോ എടുത്തതെന്ന് പ്രിൻസ് പറഞ്ഞതായി പൊലീസ് അറിയിച്ചു.