Home topnews ആരോ​ഗ്യ നില ​ഗുരുതരം, ഇന്നസെന്റ് ആശുപത്രിയിൽ

ആരോ​ഗ്യ നില ​ഗുരുതരം, ഇന്നസെന്റ് ആശുപത്രിയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബുധനാഴ്ച വൈകിട്ടോടെ ആരോഗ്യനില ഗുരുതരമായതായും എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് വിവരം.

കാൻസർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

അതേ സമയം എട്ടാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. പഠനം നിർത്തിയതിനുശേഷം മദ്രാസിലേയ്ക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി കുറച്ചുകാലം വർക്ക് ചെയ്യുകയും ചെയ്തു. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. ആ കാലത്ത് അദ്ദേഹം തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ആ സമയത്ത് ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ ഇന്നസെന്റ് അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ദാവൺഗരെയിൽനിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ഇവിടെ ചില ബിസിനസുകൾ ചെയ്യുകയും, അതോടൊപ്പം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നസെന്റ് ആ കാലത്തും സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തിരുന്നു 1986 മുതലാണ് അദ്ദേഹം സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല … എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ്. അഭിനയിക്കുന്ന എല്ലാകഥാപാത്രങ്ങളെയും പ്രേക്ഷകരുടെമനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനയത്തിനു കഴിയുന്നു. എല്ലാതരം റോളുകളും ചെയ്തിട്ടുണ്ടെങ്കിലും കോമഡിറോളുകളാണ് ഇന്നസെന്റിനെ പ്രേക്ഷകഹൃദയങ്ങളിൽ പ്രിയങ്കരനാക്കിയത്.