Home national കുമ്പസാരം നിരോധിക്കണമെന്ന ആവശ്യം; സുപ്രിംകോടതി നോട്ടീസ് അയച്ചു

കുമ്പസാരം നിരോധിക്കണമെന്ന ആവശ്യം; സുപ്രിംകോടതി നോട്ടീസ് അയച്ചു

ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന് വ്യക്തമാക്കുന്ന സഭാ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി മാത്തച്ചന്‍, സിവി ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കപ്പെടുകയാണ്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതന്‍ മറ്റാരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നാണ് നിയമം.

എന്നാല്‍ ഇപ്പോള്‍ ഇത് ലംഘിക്കപ്പെടുന്നു, കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പുരോഹിതരില്‍ പലരും കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാനും ചിലര്‍ കുമ്പസാര രഹസ്യങ്ങള്‍ മറയാക്കുന്നു. തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹര്‍ജി നല്‍കിയത്.