Home topnews മനംപോലെ മം​ഗല്യം, നിയാസിന്റെ ജീവിതസഖിയായി ഷാഹിന

മനംപോലെ മം​ഗല്യം, നിയാസിന്റെ ജീവിതസഖിയായി ഷാഹിന

ആമ്പൽ കുളത്തിലെ മനോഹരമായ ചിത്രങ്ങൾ വൈറലായതോടെ ആണ് ജീവിത പ്രതിസന്ധികളെ മറികടന്ന് ഒടുവിൽ ഡോക്ടറായി മാറിയ ഷാഹിനയുടെ കഥ മലയാളികളറിഞ്ഞത്. മുഖത്ത് പൊള്ളലിന്റെ പാടുമായി ആത്മവിശ്വാസത്തോടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഷാഹിനയുടെ കഥ മമ്മൂട്ടി വരെ ശ്രദ്ധിച്ചു. ഇപ്പോളിതാ ജീവിതത്തിൽ പുത്തൻ കാൽവെപ്പ് നടത്തിയിരിക്കുകയാണ് ഷാഹിന

തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറായ ഡോ. ഷാഹിനയുടെയും മലപ്പുറം മാറഞ്ചേരി ഉദിനിക്കൂട്ടിൽ മുഹമ്മദ്കുട്ടി, ഇയ്യാത്തുകുട്ടി ദമ്പതികളുടെ മകനായ നിയാസിന്റെയും വിവാഹം ഞായറാഴ്ച കളമശേരി മുനിസിപ്പാലിറ്റി ടൗൺ ഹാളിലാണ് നടന്നത്. ജൂണ‍ിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

മുഖത്തടക്കം പൊള്ളലേറ്റ ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ നടത്തിയ ഫോട്ടോഷൂട്ടാണ് മമ്മൂട്ടിയെ ഷാഹിനയിലേക്കെത്തിച്ചത്. അഞ്ചാം വയസ്സിൽ കറന്റ് കട്ടിന്റെ സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കിൽനിന്ന് തീപടർന്നാണ് ഷാഹിനയ്ക്കു പൊള്ളലേൽക്കുന്നത്. 75 ശതമാനം പൊളളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഒന്നര വർഷംനീണ്ട ചികിത്സയ്ക്കൊടുവിൽ സ്കൂളിൽ തിരിച്ചെത്തി. മിടുക്കിയായി പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പ്രവേശനം നേടി ഹോമിയോ ഡോക്ടറായി.

സർക്കാർ സർവീസിൽ പ്രവേശിച്ചു. തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെ‍ഡിക്കൽ ഓഫിസറായി തുടരുമ്പോൾ കഴിഞ്ഞ വർഷമാണ് സുഹൃത്തും ഫൊട്ടോഗ്രഫറുമായ വിഷ്ണു സന്തോഷിന്റെ ആവശ്യപ്രകാരം ഫോട്ടോഷൂട്ടിൽ ഷാഹിന എത്തുന്നത്. ഈ ഫോട്ടോഷൂട്ട് കണ്ടാണ് മമ്മൂട്ടി ഷാഹിനയെക്കുറിച്ച് അന്വേഷിക്കുന്നത്. താൻ ഡയറക്ടറായ ‘പത​ഞ്ജലി ഹെർബൽസ്’ വഴി ഷാഹിനയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു. 8 മാസമായി പതഞ്ജലി ഡയറക്ടറും ചികിത്സകനായ ജോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് സൗജന്യ ചികിത്സ.