Home kerala മഴയുടെ ശക്തി കുറഞ്ഞു, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മഴയുടെ ശക്തി കുറഞ്ഞു, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പില്ല. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്.

തീരമേഖലയിലും മലയോര മേഖലയിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. തെക്കൻ തമിഴ്‌നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ 08.07.2023 രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 58 സെന്റിമീറ്ററിനും 82 സെന്റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.