Home entertainment വയസ്സ് അറിയിച്ച ശേഷം കളിക്കാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞതിനാൽ കൂട്ടുകാരി എന്നോട് കളിക്കാൻ വരാതെയായി-...

വയസ്സ് അറിയിച്ച ശേഷം കളിക്കാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞതിനാൽ കൂട്ടുകാരി എന്നോട് കളിക്കാൻ വരാതെയായി- മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്. ചെറുപ്പം മുതലേ താൻ ബോഡി ഷെയമിങിന് ഇരയായിരുന്നു എന്ന് പറയുകയാണ് താരം, വാക്കുകൾ,

എനിക്ക് എന്നെ തന്നെ ഭയങ്കര ഇഷ്ടമാണ്. ആദ്യമായി വയസ്സ് അറിയിച്ച ശേഷം കളിക്കാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞു എന്ന കാരണത്താൽ എന്റെ കൂട്ടുകാരി എന്നോട് കളിക്കാൻ വരാതെയായി. പക്ഷെ ജീവിതത്തിലെ ഏതൊരു ഘട്ടത്തിലും എനിക്ക് തുള്ളിച്ചാടി, വളരെ ഫ്രീയായി നടക്കണം എന്നത് തന്നെയായിരുന്നു ആഗ്രഹം. എന്റെ ശരീരം അതിന് പാകത്തിന് ആയതുകൊണ്ട് എനിക്ക് ഇപ്പോഴും അതിന് കഴിയുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ വയസ്സ് അറിയിച്ചത്. അന്ന് ഞാൻ കരഞ്ഞു. എനിക്ക് പഴയത് പോലെ തുള്ളിക്കളിക്കാൻ പറ്റില്ലേ എന്ന ഭയം കൊണ്ടാണ് ഞാൻ കരഞ്ഞത്. അങ്ങനെ ആകാതിരിക്കാൻ ഞാൻ പഴയതിലും എനർജിയോടെ ഞാൻതുള്ളിക്കളിക്കാൻ തുടങ്ങി. കാരണം, എനിക്ക് എന്നെ മാറ്റാൻ ഇഷ്ടമല്ല.

സ്‌കൂൾ പഠനം ഒക്കെ കഴിഞ്ഞു, പ്ലസ്ടു കഴിഞ്ഞു. എവിയേഷന് പോയി. അപ്പോഴും ഞാൻ ഒച്ചപ്പാടും ബഹളവുമായി ഓടിച്ചാടി നടന്നു. ബോഡി ഷെമിങ് അപ്പോഴും ഉണ്ടായിരുന്നു. എന്നെക്കാൾ കാണാൻ ഭംഗിയുള്ള ഒരുപാട് പെൺകുട്ടികളും അവിടെ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാൻ മൈന്റ് ചെയ്തില്ല. അവർക്കിടയിൽ എനിക്ക് കാബിൻ ക്രു സെലക്ഷൻ കിട്ടും എന്ന് പോലും കരുതിയില്ല. എന്റെ വിദൂര സ്വപ്‌നത്തിൽ പോലും ചിന്തിച്ചില്ല. പക്ഷെ ഏവിയേഷൻ ഇന്റർവ്യുയിൽ അവിടെ ഉള്ള ആർക്കും സെലക്ഷൻ കിട്ടിയില്ല, എനിക്ക് മാത്രം കിട്ടി. അതിന് കാരണം എന്റെ വായിൽ കിടക്കുന്ന നാവ് ആണ്. സംസാരിക്കാനും കൺവിൻസ് ചെയ്യാനും എനിക്ക് കഴിയും. ആ വിശ്വാസം എനിക്കുണ്ടായിരുന്നു.

കാബിൻ ക്രൂ ആയതിന് ശേഷമാണ് നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ എത്തുന്നത്. മാലിക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകൾ ആയി അഭിനയിക്കാൻ അവസരം കിട്ടി. അത് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി, ഈ ശരീരവും വച്ചാണോ നീ ഫഹദിന്റെ മകളാകുന്നത്. അപ്പോൾ ഒന്നും മറുപടി പറഞ്ഞില്ല. എന്നെ സ്‌ക്രീനിൽ കണ്ട് കൈയ്യടിച്ചാൽ മതി എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.